Gulf
കുവൈത്തില്‍ നിരന്തരം റോഡ് നിയമങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുന്ന കാര്യം പരിഗണനയില്‍കുവൈത്തില്‍ നിരന്തരം റോഡ് നിയമങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുന്ന കാര്യം പരിഗണനയില്‍
Gulf

കുവൈത്തില്‍ നിരന്തരം റോഡ് നിയമങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുന്ന കാര്യം പരിഗണനയില്‍

Jaisy
|
14 May 2018 6:37 AM GMT

പലവിധത്തിൽ നടപടി കടുപ്പിച്ചിട്ടും ഗതാഗത നിയമലംഘനം തുടരുന്ന പശ്ചാത്തലത്തിലാണ്​ മന്ത്രാലയത്തിന്റെ പുതിയ നീക്കം

നിരന്തരം റോഡ് നിയമങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുന്ന കാര്യം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് പരിഗണനയിൽ. പലവിധത്തിൽ നടപടി കടുപ്പിച്ചിട്ടും ഗതാഗത നിയമലംഘനം തുടരുന്ന പശ്ചാത്തലത്തിലാണ്​ മന്ത്രാലയത്തിന്റെ പുതിയ നീക്കം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സമർപ്പിച്ച നിർദേശം പഠിച്ചു വരികയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അഞ്ചുവർഷകാലയളവിൽ അഞ്ചു തവണ ഗതാഗത നിയമലംഘനത്തിന്​ പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തണമെന്നാണ് ഗതാഗത വകുപ്പ് സമർപ്പിച്ച നിർദേശം. സീറ്റ്​ ബെൽറ്റ്​ ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, നടവഴിയിലും പാതയോരങ്ങളിലും പാർക്ക് ചെയ്യൽ , റോഡിരികിൽ വാഹനം നിർത്തി ഗതാഗതതടസ്സമുണ്ടാക്കൽ തുടങ്ങിയവയെല്ലാം നാടുകടത്തൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ്​ നീക്കം . ശിക്ഷയും പിഴയും കടുപ്പിച്ചിട്ടും ഗതാഗതനിയമം പാലിക്കുന്നതിൽ ആളുകൾ ജാഗ്രതകുറവ് കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വെച്ചത്. മൊബൈൽ ഉപയോഗമുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് രണ്ടുമാസം വാഹനം കസ്​റ്റഡിയിലെടുക്കുമെന്ന്​ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. നിരത്തുകളിൽ വിദേശി ഡ്രൈവർമാരുടെ ആധിക്യം ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു .

Related Tags :
Similar Posts