കുവൈത്തില്‍ നിരന്തരം റോഡ് നിയമങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുന്ന കാര്യം പരിഗണനയില്‍
|പലവിധത്തിൽ നടപടി കടുപ്പിച്ചിട്ടും ഗതാഗത നിയമലംഘനം തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം
നിരന്തരം റോഡ് നിയമങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുന്ന കാര്യം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് പരിഗണനയിൽ. പലവിധത്തിൽ നടപടി കടുപ്പിച്ചിട്ടും ഗതാഗത നിയമലംഘനം തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സമർപ്പിച്ച നിർദേശം പഠിച്ചു വരികയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അഞ്ചുവർഷകാലയളവിൽ അഞ്ചു തവണ ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തണമെന്നാണ് ഗതാഗത വകുപ്പ് സമർപ്പിച്ച നിർദേശം. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, നടവഴിയിലും പാതയോരങ്ങളിലും പാർക്ക് ചെയ്യൽ , റോഡിരികിൽ വാഹനം നിർത്തി ഗതാഗതതടസ്സമുണ്ടാക്കൽ തുടങ്ങിയവയെല്ലാം നാടുകടത്തൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് നീക്കം . ശിക്ഷയും പിഴയും കടുപ്പിച്ചിട്ടും ഗതാഗതനിയമം പാലിക്കുന്നതിൽ ആളുകൾ ജാഗ്രതകുറവ് കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വെച്ചത്. മൊബൈൽ ഉപയോഗമുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് രണ്ടുമാസം വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. നിരത്തുകളിൽ വിദേശി ഡ്രൈവർമാരുടെ ആധിക്യം ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു .