പാതയോരങ്ങളിൽ അനധികൃത പരസ്യങ്ങൾ സ്ഥാപിക്കുന്നതിനെതിരെ കുവൈത്ത്
|അനുമതി പത്രമില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ 300 ദീനാർ പിഴ
കുവൈത്തിൽ പാതയോരങ്ങളിൽ അനധികൃത പരസ്യങ്ങൾ സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി. അനുമതി പത്രമില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ 300 ദീനാർ പിഴ. നിർദേശം സ്വദേശികളുടെ വിവാഹ പാർട്ടിയുടെ പരസ്യങ്ങൾക്കും ബാധകമെന്നു മുൻസിപ്പാലിറ്റി അറിയിച്ചു.
മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതി പത്രമില്ലാതെ വിവാഹപരസ്യങ്ങളും മറ്റും സ്ഥാപിക്കുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതർ നടപടി കടുപ്പിച്ചത് . അനുമതി പത്രം കരസ്ഥമാക്കുന്നതിന് മുമ്പ് ഏതെങ്കിലും സ്ഥാപനത്തിന്റെതോ പരിപാടികളുടെയോ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ 100 മുതൽ 300 ദീനാർ വരെ പിഴ ഈടാക്കുമെന്നാണ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ് . സ്വദേശികൾക്കിടയിൽ നടക്കുന്ന വിവാഹ പാർട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കും ഈ നിയമം ബാധകമാണെന്ന് കാപിറ്റൽ മുനിസിപ്പാലിറ്റി അടിയന്തര വിഭാഗം മേധാവി സൈദ് അൽ ഇൻസി അറിയിച്ചു . ഇത്തരം പരസ്യബോർഡുകൾ മുന്നറിയിപ്പുകൂടാതെ എടുത്തുമാറ്റാനുള്ള അധികാരം മുനിസിപ്പാലിറ്റിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .