ഒഐസിസി സംഘടിപ്പിച്ച പൊതു പരിപാടി കെഎംസിസി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി
|എന്‍.കെ പ്രേമചന്ദ്രന് എംപി പങ്കെടുത്ത പരിപാടിയാണ് കെഎംസിസി പ്രതിഷേധത്തോടെ നിര്‍ത്തി വയ്ക്കേണ്ടി വന്നത്
സൗദിയിലെ ദമ്മാമില്‍ ഒഐസിസി സംഘടിപ്പിച്ച പൊതു പരിപാടി കെഎംസിസി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. എന്‍.കെ പ്രേമചന്ദ്രന് എംപി പങ്കെടുത്ത പരിപാടിയാണ് കെഎംസിസി പ്രതിഷേധത്തോടെ നിര്‍ത്തി വയ്ക്കേണ്ടി വന്നത്. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയതിന് ശേഷം അര്‍ദ്ധരാത്രിയോടെയാണ് വീണ്ടും പരിപാടി നടന്നത്.
കഴിഞ്ഞ ദിവസമാണ് ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം എന്‍.കെ പ്രേമചന്ദ്രന് എം.പി സൗദിയില്‍ എത്തിയത്. ദമ്മാമിലെ ഒഐസിസിയും കെഎംസിസിയും ഒരേ സമയത്ത് എംപിയുടെ പരിപാടി നിശ്ചയിച്ചതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരിപാടിക്ക് ശേഷം എം.പി യെ വിട്ടുതരാമെന്ന് ഒഐസിസി അറിയിച്ചു. ഇതോടെ ഒഐസിസി പരിപാടി നടക്കുന്ന ഹാളിനു പുറത്തു തടിച്ചു കൂടിയ കെഎംസിസി പ്രവര്‍ത്തകര്‍ പരിപാടിക്കെത്തിയ എന്‍.കെ പ്രേമചന്ദ്രന് എം.പിയെ തടയുകയായിരുന്നു.
ഇരു സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലിലേക്കുമെത്തി. ഇതിനിടയില്‍ പ്രേമചന്ദ്രന് എം.പി പരിപാടിയില്‍ സംബന്ധിക്കാതെ സ്ഥലം വിട്ടു. ഒടുവില്‍ പ്രധിഷേധക്കാര്‍ പിരിഞ്ഞു പോയതിനു ശേഷം അര്‍ദ്ധരാത്രിയോടെ ഒ.ഐ.സി.സിയുടെ നേത്രത്വത്തില്‍ വീണ്ടും പരിപാടി സംഘടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുവിഭാഗവും പരസ്പരം കുറ്റപ്പെടുത്തി വാര്‍ത്താ കുറിപ്പും പുറത്തിറക്കി.