ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തിയ പഴം, പച്ചക്കറികളില്‍ കീടനാശിനി കണ്ടെത്തി
|ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇറക്കുമതി ചെയ്ത ചിലയിനം പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അമിതമായ അളവില്‍ കീടനാശിനികളും മാരക രാസവസ്തുക്കളും കണ്ടെത്തി
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇറക്കുമതി ചെയ്ത ചിലയിനം പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അമിതമായ അളവില്‍ കീടനാശിനികളും മാരക രാസവസ്തുക്കളും കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ മാങ്ങ, ചുവന്ന മുളക്, കക്കരി എന്നിവയിലാണ് അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മാരക കീടനാശിനികള്‍ കണ്ടെത്തിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്പന്നങ്ങള് അനുമതിക്ക് ശേഷം മാത്രമേ യുഎഇയില്‍ വില്പന നടത്താവൂവെന്ന ഉത്തരവും അധികൃതര്‍ ഇറക്കി. യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി കാര്യ മന്ത്രാലയമാണ് പരിശോധനക്കും തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
ഉല്പന്നങ്ങള് യുഎഇയില്‍ വില്പന നടത്തും മുമ്പ് പുതിയ കീടനാശിനി പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന് കയറ്റുമതിക്കാരോട് നിര്‍ദേശിച്ചു. അന്താരാഷ്ട്ര നിലവാരങ്ങള്‍ അനുസരിച്ച് അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ കീടനാശിനികളും രാസവസ്തുക്കളും കണ്ടെത്തിയതായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതികാര്യ മന്ത്രാലയം അറിയിച്ചതായി ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി വികസന അതോറിറ്റി അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും ഭക്ഷ്യ റെഗുലേറ്ററി സ്ഥാപനമായ കോഡെക്സ് അലിമെന്റാരിയസ് കമ്മീഷന് അംഗീകരിച്ച നിലവാരം പരിഗണിച്ചാണ് പരിശോധന നടന്നത്.
ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ചുവന്ന മുളക്, മാങ്ങ, കുക്കുംബര്‍ എന്നിവയുടെ ഓരോ കയറ്റുമതിയും രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമേ യു.എ.ഇയിലേക്ക് പ്രവേശിപ്പിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കയറ്റുമതിയിലും കീടനാശിനി പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനാണ് കയറ്റുമതിക്കാരോട് നിര്‍ദേശിച്ചിട്ടുള്ളത്. യു.എ.ഇയിലേക്ക് കയറ്റിയയച്ച ഒരു ഷിപ്പ്മെന്റ് മാങ്ങയില്‍ അപകടകരമായ രാസവസ്തുവായ കാല്‍സ്യം കാര്‍ബൈഡും കണ്ടത്തെിയതായി മാംഗോ ഗ്രോവേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് എസ്. ഇന്സ്റാം അലി വ്യക്തമാക്കി. യു.എ.ഇയിലേക്ക് ഏറ്റവും കൂടുതല്‍ മാങ്ങ കയറ്റിയയക്കുന്നത് ഇന്ത്യയാണ്. പുതിയ നിയമം കയറ്റുമതിയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയില്‍ നിന്നുള്ള എല്ലാ കയറ്റുമതിക്കാര്‍ക്കും ഉല്പന്നങ്ങളുടെ സുരക്ഷാ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും ഇന്ത്യയില്‍ നിന്നുള്ള മാങ്ങയുടെയും മറ്റ് പഴ വര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതിയെ ബാധിക്കില്ലെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥ വ്യക്തമാക്കി.