ഇന്ത്യയിൽ നിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ കുവൈത്ത് ചർച്ചകൾ തുടങ്ങി
|തടസ്സങ്ങൾ നീക്കി ഇന്ത്യയിൽനിന്ന് വൈകാതെ റിക്രൂട്ടിങ് പുനരാരംഭിക്കാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു
ഇന്ത്യയിൽ നിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ കുവൈത്ത് അധികൃതർ വിവിധ തലത്തിൽ ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ട്. തടസ്സങ്ങൾ നീക്കി ഇന്ത്യയിൽനിന്ന് വൈകാതെ റിക്രൂട്ടിങ് പുനരാരംഭിക്കാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യൻ അധികൃതരുമായി ചർച്ചകൾ നടത്തി ഇക്കാര്യത്തിൽ സാധ്യമായ നടപടികൾ കൈക്കൊള്ളാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. വിദേശകാര്യ മന്ത്രാലയവും ഗാർഹികത്തൊഴിലാളി വകുപ്പും നിരവധി ചർച്ചകൾ ഇതിനകം നടത്തിയിട്ടുണ്ട്. ഇഖാമ കാര്യ വകുപ്പിെൻറ ചുമതല വഹിക്കുന്ന
മേജർ ജനറൽ അബ്ദുല്ല അൽ ഹജ്രിയുടെ മേൽനോട്ടത്തിലാണ് ചർച്ചകൾ. തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവെക്കൽ, മൃതദേഹം കയറ്റി അയക്കാനുള്ള തടസ്സം നീക്കൽ, മറ്റു പരാതി പരിഹാരങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തമായ ഉറപ്പ് കുവൈത്ത് അധികൃതർ നൽകുന്നുണ്ടെന്നാണ് വിവരം. ശമ്പളം തടഞ്ഞുവെക്കുന്ന സ്പോൺസർമാരെ ആഭ്യന്തര വകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കം നടപടികളുണ്ടാവും. പുതിയ ഗാർഹികത്തൊഴിലാളി നിയമത്തിൽ ഇതിനെല്ലാം വ്യവസ്ഥയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
തൊഴിലാളികൾ അവകാശങ്ങൾ വകവെച്ചുകൊടുക്കാത്ത നടപടികളും പീഡനങ്ങളും സ്പോൺസർമാരിൽനിന്ന് ഉണ്ടാവുന്നത് കൊണ്ടാണ് ഇന്ത്യൻ അധികൃതർ ഗാർഹികത്തൊഴിലാളികളെ ഇനി കുവൈത്തിലേക്ക് അയക്കേണ്ട എന്ന് തീരുമാനിച്ചത്. സ്ത്രീകളെ വീട്ടുജോലിക്കു അയക്കണമെങ്കിൽ സ്പോൺസർ 750 ഡോളർ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണമെന്ന് ഇന്ത്യൻ എംബസി നിബന്ധന വെച്ചത് നേരത്തെ ഏറെ വിവാദമായിരുന്നു.
കുവൈത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് ബാങ്ക് ഗ്യാരണ്ടി നിബന്ധന എടുത്തുമാറ്റിയെങ്കിലും സ്ത്രീതൊഴിലാളികളുടെ തൊഴിൽ കരാർ സാക്ഷ്യപ്പെടുത്തുന്നത് എംബസി നിർത്തി. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ഏറെക്കുറെ നിലച്ചിരുന്നു. ഗാർഹിക മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായതാണ് ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ നിലവിൽ റിക്രൂട്ട്മെൻറ് നിർത്തിവെച്ചിരിക്കുകയാണ്. ജോലിക്കാർ ക്രിമിനൽ സ്വഭാവം കാണിക്കുന്നു എന്ന കാരണം മുൻനിർത്തി
ഇത്യോപ്യയിൽനിന്നുള്ള റിക്രൂട്ട്മെൻറും കുവൈത്ത് നിർത്തിയിരിക്കുകയാണ്. ഇതുകാരണം ഗാർഹിക മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായയിട്ടുണ്ട്. നിലവിൽ ഫിലിപ്പൈൻസിൽനിന്നാണ് കൂടുതൽ ഗാർഹിക ജോലിക്കാർ എത്തുന്നത്. കുവൈത്തിലേക്ക് ഗാർഹിക ജോലിക്കാരെ അയക്കുന്നത് നിർത്തിവെക്കാൻ ഫിലിപ്പൈൻസ് ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം മുൻനിർത്തിയാണ് ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ അധികൃതർ ഒരുങ്ങുന്നത്.