ബീച്ചുകള്‍ സ്‍മാര്‍ട്ടാക്കാന്‍ ദുബൈ
|വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സ്മാര്‍ട്ട് കാറ്റാടി യന്ത്രങ്ങളും വസ്ത്രം മാറാന്‍ സ്മാര്‍ട്ട് ചേഞ്ചിങ് റൂമുകളും സ്ഥാപിക്കും
ദുബൈയിലെ ബീച്ചുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ നഗരസഭയുടെ തീരുമാനം. വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സ്മാര്‍ട്ട് കാറ്റാടി യന്ത്രങ്ങളും വസ്ത്രം മാറാന്‍ സ്മാര്‍ട്ട് ചേഞ്ചിങ് റൂമുകളും സ്ഥാപിക്കും. ജുമൈറ ബീച്ചിലാണ് ഈ സൗകര്യം ആദ്യം നിലവില്‍ വരിക.
ദുബൈയിലെ ബീച്ചുകളില്‍ വൈഫൈ ലഭ്യമാക്കാന്‍ നേരത്തെ സ്മാര്‍ട്ട് പാമുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ സ്മാര്‍ട്ട് കാറ്റാടിയും ചേഞ്ചിങ് റൂമുകളും വരുന്നത്. ബുര്‍ജുല്‍ അറബിന് സമീപം ഉമ്മുസുഖീം രണ്ടിലെ ജുമൈറ ബീച്ചിലാണ് ആദ്യ ഘട്ടത്തില്‍ ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ബീച്ചിലെ വൈദ്യുതി ആവശ്യങ്ങള്‍ക്കായി കാറ്റാടി യന്ത്രം ഉപയോഗിക്കും. വസ്ത്രം മാറാനുള്ള സ്മാര്‍ട്ട് ചേഞ്ചിങ് റൂമുകളില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യവും ഒരുക്കും. നമ്പര്‍ ലോക്ക് കൊണ്ട് പൂട്ടാവുന്ന ഇലക്ട്രോണിക് സംവിധാനമായിരിക്കും ലോക്കറുകള്‍ക്ക്. രണ്ട് കാറ്റാടി യന്ത്രങ്ങളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. വിജയകരമാണെന്ന് കണ്ടാല്‍ കൂടുതല്‍ ബീച്ചുകളിലേക്ക് വ്യാപിപ്പിക്കും. ബീച്ചിലെത്തുന്നവര്‍ക്ക് സൗജന്യ വൈഫൈ നല്‍കുന്ന സ്മാര്‍ട്ട് പാം സംവിധാനം വിജയമായിരുന്നു. ഈന്തപ്പനയുടെ രൂപത്തിലുള്ള ഉപകരണത്തിന്റെ സഹായത്തോടെ 50 പേര്‍ക്ക് ഒരേസമയം വൈഫൈ ലഭ്യമാകും. മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും ചാര്‍ജ് ചെയ്യാനും സൗകര്യമുണ്ട്. കാലാവസ്ഥാ വിവരങ്ങളും മറ്റ് പ്രധാന വാര്‍ത്തകളും അറിയിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ളേ ബോര്‍ഡുകളുമുണ്ട്. ഉടന്‍ തന്നെ അല്‍ മംസാറിലും ജുമൈറയിലെ മറ്റ് ബീച്ചുകളിലും സ്മാര്‍ട്ട് പാം സ്ഥാപിക്കും. സൗരോര്‍ജത്തിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട് പാം പ്രവര്‍ത്തിക്കുന്നത്.