ഖറാഫി നാഷണലിലെ തൊളിലാളികളുടെ പണിമുടക്ക് തുടരുന്നു
|കമ്പനിയുടെ രണ്ടു ക്യാമ്പുകളിലെ 8,000 ഓളം തൊഴിലാളികളാണ് ജോലിക്ക് പോകാതെ സമരം ചെയ്യുന്നത്
കുവൈത്തിലെ പ്രമുഖ കോണ്‍ട്രാക്ടിങ് കമ്പനിയായ ഖറാഫി നാഷണലില്‍ മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ജൂലൈ 10 ന് ആരംഭിച്ച പണിമുടക്ക് ഒരാഴ്ച പിന്നിട്ടു . കമ്പനിയുടെ രണ്ടു ക്യാമ്പുകളിലെ 8,000 ഓളം തൊഴിലാളികളാണ് ജോലിക്ക് പോകാതെ സമരംചെയ്യുന്നത്. മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരും ഇവരില്‍ ഉള്‍പ്പെടും.
രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവള നവീകരണമടക്കമുള്ള വന്‍കിട പദ്ധതികളുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന ഖറാഫി നാഷണല്‍ കമ്പനിയിലാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്. മൂന്നു മാസത്തെ ശമ്പളം ലഭിക്കാത്തവര്‍ മുതല്‍ ആറു മാസത്തിലധികമായി മുടങ്ങിയവര്‍ വരെയുണ്ട്. ഉയര്‍ന്ന തലത്തിലുള്ള ജീവനക്കാരില്‍ പലര്‍ക്കും മാസങ്ങളായി ശമ്പളം മുടങ്ങുകയോ വൈകുകയോ ചെയ്യുന്നുണ്ടെങ്കിലും അവരാരം സമരത്തിനിറങ്ങിയിട്ടില്ല.
താഴെക്കിടയിലുള്ള തൊഴിലാളികളാണ് ഇപ്പോള്‍ ജോലിക്ക് പോകാതെ പ്രതിഷേധിക്കുന്നത്. ശമ്പളമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസഥയായപ്പോഴാണ് നിവൃത്തിയില്ലാതെ പണിമുടക്കേണ്ടിവന്നതെന്ന് ഇവര്‍ പറഞ്ഞു. രണ്ടിടങ്ങളിലെ ക്യാമ്പിലുള്ള ആരും കഴിഞ്ഞ ഞായറാഴ്ച മുതല്‍ ജോലിക്ക് പോയിട്ടില്ല. ക്യാമ്പിലുള്ള എല്ലാവരും ജോലിക്ക് പോകാതെ പ്രതിഷേധിക്കണം എന്ന് കരുതുന്നവരല്‌ളെങ്കിലും നേതൃത്വം നല്‍കുന്നവര്‍ ക്യാമ്പുകളില്‍നിന്ന് പുറത്തേക്കോ അകത്തേക്കോ ആരെയും വിടുന്നില്ല.
പണിമുടക്കിന് നേതൃത്വം നല്‍കുന്നവര്‍ കഴിഞ്ഞ ചൊവ്വാഴ്ചയും ഇന്നും തൊഴില്‍ മന്ത്രാലയം ഓഫീസിലത്തെി പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ,കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ , കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ , തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ക്കും തൊഴിലാളികള്‍ തങ്ങളുടെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി വീഡിയോ സഹിതം ഇമെയില്‍ സന്ദേശം അയിച്ചിട്ടു യാതൊരു നടപിടിയും ഇന്നേ വരെ ഉണ്ടായിട്ടില്ല എന്നു തൊഴിലാളികള്‍ മീഡിയവണിനോട് പറഞ്ഞു.
ആ വീഡിയോ കമ്പനി അധികൃതര്‍ തെളിവായി സ്വീകരിച്ചു പണിമുടക്കിന് നേതൃത്വം നല്‍കുന്നവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു കുവൈത്തില്‍ നിന്നും നാടുകടത്താന്‍ ഉപയോഗിക്കുകയാണ്. അര്‍ദിയയിലുള്ള മെയിന്‍ ഓഫീസ് ഉപരോധിച്ച 2000 ഓളം തൊഴിലാളികളില്‍ 50 ഓളം പേരുടെ സിവില്‍ ഐഡി ബലമായി കമ്പനി വാങ്ങിയതായും അവര്‍ക്കെതിരെ ശിക്ഷണ നടപിടി എടുക്കുമെന്ന് കമ്പനി ഭീഷണി മുഴക്കിയതായും തമിഴ്‌നാട് തിരുവനന്തപുരം സ്വദേശികള്‍ മീഡിയവണിനോട് പറഞ്ഞു. എംബസിയുടെയും കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റ് അടിയന്തര സഹായത്തിനായി കാത്തിരിക്കുകയാണ് കുവൈത്തിലെ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളും അവരുടെ കുടുംബങ്ങളും.