റിക്രൂട്ട്മെന്റ് തട്ടിപ്പ് കുറയ്ക്കാനുള്ള മുന്‍കരുതലുകളുമായി ഖത്തര്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി
|ഖത്തറിലെത്തുന്ന തൊഴിലാളികളെ റിക്രൂട്ട്മെന്റ് തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ ലോകകപ്പ് നടത്തിപ്പ് ചുമതലയുള്ള സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രംഗത്ത്.
ഖത്തറിലെത്തുന്ന തൊഴിലാളികളെ റിക്രൂട്ട്മെന്റ് തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ ലോകകപ്പ് നടത്തിപ്പ് ചുമതലയുള്ള സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രംഗത്ത്. ഇതിനായി ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് പ്രതിനിധികളെ അയക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
2022 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനായിരക്കണക്കിന് തൊഴിലാളികളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി ഖത്തറിലേക്കെത്തുന്നത് ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വരവ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നുമുണ്ട്. ഇങ്ങനെയെത്തുന്ന തൊഴിലാളികള്‍ തങ്ങളുടെ നാടുകളില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയാവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ചൂഷണം തടയാനുളള നീക്കങ്ങളാരംഭിച്ചത്. വന്‍തോതിലുള്ള മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്തുന്ന ലോകകപ്പ് പ്രൊജക്ടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സുപ്രിം കമ്മിറ്റി ഇപ്പോള്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് പ്രതിനിധികളെ അയക്കുന്നത്. നേരത്തെ നേപ്പാളിലേക്കും ഇതുപോലെ പ്രതിനിധി സംഘത്തെ അയച്ചിരുന്നു.
ഫിഫ ലോകക്കപ്പുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളില്‍ തൊഴിലെടുക്കുന്നവരുടെ ക്ഷേമ കാര്യങ്ങളില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധരാണെന്നും തൊഴിലാളികളുടെ അവകാശസംരക്ഷണത്തിലും മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വേണ്ടതെല്ലാം ചെയ്യുമെന്നും സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ആരോഗ്യവും കാത്തുസക്ഷിക്കാന്‍ ഓരോ കമ്പനിയും ബാധ്യസ്ഥരാണ്. ഇവ പരിശോധിക്കാനായി നാലു തട്ടുകളിലായുള്ള ഓഡിറ്റിങ് വിഭാഗം നിലവിലുണ്ടെന്നും അല്‍ തവാദി പറഞ്ഞു.