എണ്ണവില രണ്ടുവർഷത്തെ ഉയർന്ന നിരക്കിൽ; ഗൾഫ് മേഖലക്ക് കൂടുതൽ പ്രതീക്ഷ
|ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ നിലവിലെ ഉൽപാദനം വെട്ടിച്ചുരുക്കിയ നടപടി തുടരുകയാണെങ്കിൽ വിപണിയിൽ വീണ്ടും വില ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ
രണ്ടു വർഷത്തിനിടയിലെ ഏറ്റവും മികച്ച നിരക്കിലേക്ക് എണ്ണവില എത്തിയതോടെ ഗൾഫ് രാജ്യങ്ങൾക്ക് പ്രതീക്ഷയേറുന്നു. ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ നിലവിലെ ഉൽപാദനം വെട്ടിച്ചുരുക്കിയ നടപടി തുടരുകയാണെങ്കിൽ വിപണിയിൽ വീണ്ടും വില ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
ആഗോള എണ്ണ വിപണിയിൽ നിന്ന് ഇപ്പോൾ പുറത്തു വരുന്ന നല്ല വാർത്തകൾ ഉലഞ്ഞ ഗൾഫ് സമ്പദ് ഘടനക്ക് വലിയ കരുത്തേകുന്നതാണ്. ആഗോള തലത്തിലെ വളർച്ചാ മുരടിപ്പും ബദൽ ഇന്ധനങ്ങളുടെ ലഭ്യതയും എണ്ണവിപണിക്ക് തിരിച്ചടിയായി മാറിയിരുന്നു. ചുരുങ്ങിയത് ബാരലിന് അറുപത് ഡോളറെങ്കിലും വില എത്തണമെന്ന ആഗ്രഹത്തിലാണ് ഒപെക് , ഒപെകിതര രാജ്യങ്ങൾ ഉൽപാദനം കുറക്കാൻ തീരുമാനിച്ചത്. എന്നാൽ ആ നടപടിയും വിപണിയിൽ വേണ്ടവിധം പ്രതിഫലിച്ചില്ല. ഇപ്പോൾ വൈകിയാണെങ്കിലും വില ഉയരുന്നതിന്റെ വ്യക്തമായ സൂചനയാണുള്ളത്.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് 61നു മുകളിലാണിപ്പോൾ. 2015 ജൂലൈ മാസത്തിനു ശേഷം ഇപ്പോൾ മാത്രമാണ് നിരക്ക് ആ തലത്തിലേക്കു വരുന്നത്. ഒരു വർഷം മുമ്പാണ് ഉൽപാദനം കുറക്കാൻ ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ ധാരണയിലെത്തിയത്. വിപണിയിൽ ഉണർവ് രൂപപ്പെട്ട സാഹചര്യത്തിൽ ഈ മാസം ഒപെക്രാജ്യങ്ങൾ വീണ്ടും യോഗം ചേർന്ന് ഭാവിനടപടി ചർച്ച ചെയ്യും. അടുത്ത വർഷം മാർച്ച് മാസം പിന്നിട്ടും ഉൽപാദനം കുറച്ച നടപടി തുടരണം എന്ന അഭിപ്രായമാണ് പൊതുവെയുള്ളത്. ചൈനയിലും മറ്റും എണ്ണ ആവശ്യകത കൂടുമെന്നിരിക്കെ, വിപണിയിൽ വില വീണ്ടും ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
എണ്ണവിലയിലെ ഉണർവ് ഗൾഫ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾക്കും ആക്കം കൂട്ടും. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒട്ടേറെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർമാണം ഉൾപ്പെടെ എല്ലാ മേഖലകളിലും കുതിപ്പിനുള്ള പാതയൊരുങ്ങും.