കുവൈത്തിൽ 2022 ഓടെ സർക്കാർ മേഖല 100 % സ്വദേശിവൽക്കരിക്കാൻ പദ്ധതി
|സിവിൽ സർവ്വീസ് കമ്മീഷന്റെ നേതൃത്വത്തിൽ ഇതിനുവേണ്ട പ്രാരംഭ നടപടികൾ ആരംഭിച്ചതായാണ് വിവരം
കുവൈത്തിൽ 2022 ആവുമ്പോഴേക്ക് സർക്കാർ മേഖല നൂറ് ശതമാനം സ്വദേശിവൽക്കരിക്കാൻ പദ്ധതി. സിവിൽ സർവ്വീസ് കമ്മീഷന്റെ നേതൃത്വത്തിൽ ഇതിനുവേണ്ട പ്രാരംഭ നടപടികൾ ആരംഭിച്ചതായാണ് വിവരം. സർക്കാർ മേഖലയിൽ വിദേശികളെ പിൻവാതില്‍ വഴി നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പാർലമെന്റ് അംഗങ്ങളും രംഗത്തെത്തി.
സർക്കാർ മേഖലയിൽ നിന്ന് ഒഴിവാക്കാൻ പറ്റുന്ന വിദേശികളുടെ കൃത്യമായ കണക്ക് തയാറാക്കാൻ എല്ലാ ഡിപ്പാർട്ടുമെന്റുകൾക്കും സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. 2018 ഏപ്രിൽ മുതൽ 2019 മാർച്ചുവരെ കാലത്തിനിടയിൽ ഇത് സംബന്ധിച്ച പട്ടിക തയാറാക്കി നൽകണമെന്നാണ് നിർദേശം. തുടർന്നുള്ള വർഷങ്ങളിൽ നിശ്ചിത ശതമാനം വിദേശികളെ കുറച്ച് 2022 ആവുമ്പോഴേക്ക് പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. വിവര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട തസ്തികകൾ, കലാ- സാംസ്കാരിക, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ, ഡിപ്പാർട്ടുമെന്റ് തലത്തിലെ മുഴുവൻ തസ്തികകൾ എന്നിവയെല്ലാം സമ്പൂർണ സ്വദേശിവൽക്കരണ പദ്ധതിയുടെ പരിധിയിൽവരുമെന്നാണ് സൂചന . അതിനിടെ ഉന്നതരുടെ സ്വാധീനത്തിലൂടെയും മറ്റും സർക്കാർ മേഖലയിൽ വിദേശികളെ നിയമിക്കുന്നതിനെതിരെ എം.പിമാർ രംഗത്തെത്തി ഹംദാൻ അൽ ആസിമി, ഫൈസൽ അൽ കന്ദരി, മുഹമ്മദ് അൽ ഹുവൈല തുടങ്ങിയ പാർലമെന്റ് അംഗങ്ങളാണ് അനധികൃത നിയമനത്തിനെതിരെ രംഗത്തുവന്നത്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ കൂടിവരുന്ന സാഹചര്യത്തിൽ വിദേശികളുടെ എണ്ണം കുറച്ച് ഇതിന് പരിഹാരം കണ്ടെത്തണമെന്നും എംപിമാർ ആവശ്യപ്പെട്ടു.