സൗദി വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ പദ്ധതി ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് കമ്പനികള്‍ രംഗത്ത്
|സൗദിയുടെ ഗതാഗത രംഗത്തും നിരവധി നിക്ഷേപ സാധ്യതകളുണ്ടെന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി പറഞ്ഞു
സൗദി വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ പദ്ധതി ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് കമ്പനികള്‍ രംഗത്ത്. സൗദിയുടെ ഗതാഗത രംഗത്തും നിരവധി നിക്ഷേപ സാധ്യതകളുണ്ടെന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി പറഞ്ഞു. കഴിഞ്ഞമാസം സൌദി കിരീടാവകാശിയുടെ ബ്രിട്ടീഷ് സന്ദര്‍ശനത്തില്‍ വിഷയം ചര്‍ച്ചയായിരുന്നു.
സൗദിയിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ആലോചനകളുണ്ട്. സേവനം മികച്ചതാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ഈ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് കമ്പനികള്‍ സന്നദ്ധമാണെന്ന് ബ്രിട്ടിഷ് ഗതാഗത മന്ത്രി ക്രിസ് ഗ്രാലിങാണ് പറഞ്ഞത്. സൗദി വിഷന്‍ 2030ന്റെ ഭാഗമായി സ്വകാര്യവത്കരണ പദ്ധതി നടന്നു വരുന്നുണ്ട്. ഈ ചര്‍ച്ചയില്‍ ബ്രിട്ടനും പങ്കെടുത്തതായി മന്ത്രി പറഞ്ഞു. സൗദി പൊതുഗതാഗത രംഗത്ത് നിരവധി നിക്ഷേപ സാധ്യതയുണ്ട്. റിയാദില്‍ നടന്നുവരുന്ന മെട്രോ, ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതിയില്‍ ബ്രിട്ടീഷ് കമ്പനികളും രംഗത്തുണ്ട്.
കൂടാതെ സൗദിയുടെ വിവിധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റയില്‍വെ പദ്ധതിക്കും ഏറെ സാധ്യതയാണുള്ളത്. ഗതാഗത രംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വിദേശ നിക്ഷേപം സ്വീകരിക്കാവുന്നതാണ്. സൗദിയില്‍ ഗതാഗത രംഗത്ത് മുതലിറക്കിയ പത്തിലധികം ബ്രിട്ടീഷ് കമ്പനികള്‍ നിലവിലുണ്ടെന്നും ഈ എണ്ണം സമീപഭാവിയില്‍ വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു. 2018 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് സൗദിയില്‍ വിവിധ ബ്രിട്ടീഷ് കമ്പനികള്‍ നിര്‍മാണ രംഗത്തുണ്ട്. 374 പദ്ധതികളാണ് ഇവര്‍ ഏറ്റെടുത്ത് നടത്തുന്നത്. സൗദിയില്‍ ബ്രിട്ടന്റെ 12.5 ബില്യന്‍ റിയാല്‍ നിക്ഷേപമുണ്ടെന്നാണ് കണക്ക്.