അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ദുബൈയില്‍ തുടക്കമായി
|മിഡിലീസ്റ്റിലെ ഏറ്റവും വലിയ ട്രാവല്‍ ആന്റ് ടൂറിസം മേള 25 വര്‍ഷം പിന്നിടുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്
ഈ വര്‍ഷത്തെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ദുബൈയില്‍ തുടക്കമായി. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ട്രാവല്‍ ആന്റ് ടൂറിസം മേള 25 വര്‍ഷം പിന്നിടുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
150 രാജ്യങ്ങള്‍, 65 രാജ്യങ്ങളിലെ ടൂറിസം സാധ്യതകളെ പരിചയപ്പെടുത്തുന്ന ദേശീയ പവലിയനുകള്‍, ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ 2,500 കന്പനികള്‍. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ രജതജൂബിലി എഡിഷന്‍ കാഴ്ചകള്‍ കൊണ്ട് സന്പന്നമാണ്. സ്വന്തം നാട്ടിലെ കലയും കാഴ്ചയും സൗന്ദര്യവും കാണിച്ച് സഞ്ചാരികളെ മാടിവിളിക്കാന്‍ മല്‍സരിക്കുകയാണ് ലോകരാജ്യങ്ങള്‍.
വേറിട്ട ടൂറിസം സങ്കല്‍പങ്ങള്‍ കൊണ്ട് ശ്രദ്ധേനേടുന്ന രാജ്യങ്ങളുമുണ്ട്. ഹലാല്‍ ടൂറിസത്തിന് പേരുകേട്ട മലേഷ്യ, റമദാനിലെ പുണ്യരാവുകള്‍ അവിടെ ചെലവിടാനാണ് യാത്രക്കാരെ ക്ഷണിക്കുന്നത്. ഈ മാസം 25 വരെ നീളുന്ന മേള ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ഉദ്ഘാടനം ചെയ്തു.
ദുബൈ ഇമാർ പ്രോപ്പർട്ടിസിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗം 50 പദ്ധതികൾ പിന്നിടുന്നതിന്റെ പ്രഖ്യാപനവും എടിഎമ്മിൽ നടന്നു. ഉത്തരവാദിത്ത വിനോദസഞ്ചാരം, സുസ്ഥിര വിനോദസഞ്ചാര പ്രവണതകള്‍ എന്ന വിഷയത്തിലൂന്നിയാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തെ പ്രദര്‍ശനവും ചര്‍ച്ചകളും പുരോമഗിക്കുന്നത്.