ജിസിസി പ്രശ്‌നപരിഹാരത്തിന് ഉര്‍ദുഗാന്‍
|ഖത്തര്‍, റഷ്യ, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ തലവന്‍മാരുമായാണ് ഉര്‍ദുഗാന്‍ സംസാരിച്ചത്.
ജി സി സി പ്രശ്‌നപരിഹാരത്തിനായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഇടപെടല്‍. രാഷ്ട്രീയനേതാക്കളുമായി ഉര്‍ദുഖാന്‍ ടെലഫോണില്‍ സംസാരിച്ചു. ഖത്തര്‍, റഷ്യ, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ തലവന്‍മാരുമായാണ് സംസാരിച്ചത്.
അതേസമയം, ഖത്തര്‍ എയര്‍വെയ്‌സിന്റെ സൗദിയിലെ ലൈസന്‍സ് സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി റദ്ദാക്കി. ഖത്തര്‍ വിമാനക്കമ്പനിയുടെ സൗദിയിലെ മുഴുവന്‍ ഓഫീസുകളും അടച്ചു പൂട്ടിയതായും സൗദി പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അല്‍ജസീറയുടെ ബീന്‍ സ്‌പോര്‍ട്‌സ് ചാനലിന് യുഎഇയില്‍ വിലക്ക് ഏര്‍പ്പെടുത്തി.
നയതന്ത്ര ബന്ധങ്ങളിൽ ഉണ്ടായ വിള്ളലുകൾ പരിഹരിക്കാനുളള ശ്രമങ്ങൾ നടക്കുന്നതും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടും എന്നുള്ള ശുഭാപ്തി വിശ്വാസവുമാണ് ഖത്തറിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെയും ഉള്ളിലുള്ളത്. തിങ്കളാഴ്ച്ചയാണ് സൗദി ഉൾപ്പെടെയുള്ളവരുടെ, നയതന്ത്ര ബന്ധം ഉപേക്ഷിക്കൽ തീരുമാനവും അതിർത്തി അടക്കൽ തീരുമാനവും ഉണ്ടാകുന്നത്. മൂന്ന് വശവും സമുദ്രത്താൽ ചുറ്റപ്പെട്ട ഖത്തറിന്റെ ഏക കര അതിർത്തിയാണ് സൗദിയുമായുള്ളത്. ഖത്തറിലേക്ക് ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ കൂടുതലായും എത്തുന്നത് സൗദി വഴിയാണ്. സൗദി അതിർത്തി അടക്കുന്നത് മൂലം ഭക്ഷണ സാധനങ്ങളുടെ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയാൽ ഹൈപ്പർ മാർക്കറ്റുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഹൈപ്പർ മാർക്കറ്റിന് പുറത്തേക്കുള്ള ക്യൂവും ദൃശ്യമായി. ഇതുസംബന്ധിച്ചുള്ള ഊഹാപോഹങ്ങളും ചില കിംവദന്തികളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തതും തിരക്കിന് കാരണമായി. എന്നാൽ ഭക്ഷണ സാധനങ്ങൾ പൂഴ്ത്തിവെക്കുകയോ, ഭക്ഷണ സാധനങ്ങൾ അമിതമായി വാങ്ങിക്കൂട്ടുകയോ ചെയ്യേണ്ട കാര്യമില്ലെന്നാണ് അടിയന്തിര മന്ത്രിസഭായോഗം അറിയിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നും മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ഖത്തറിലെ സൂപ്പർമാർക്കറ്റുകളിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതെന്നും സുപ്പർ മാർക്കറ്റ് ഉടമകളും അറിയിച്ചിട്ടുണ്ട്. അതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നും ഭഷ്യവസ്തുക്കൾ യഥേഷ്ടം ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വ്യക്തമായിട്ടുണ്ട്. അതിനാൽ െചാവ്വാഴ്ച്ച രാവിലെയോടെ സൂപ്പർമാർക്കറ്റുകൾ സാധാരണപോലെ ആയിത്തുടങ്ങിയിട്ടുണ്ട്. ഇറാനിൽ നിന്നും ഭക്ഷ്യവസ്തുക്കൾ പുറപ്പെട്ടതായും ഒമാനിൽ നിന്ന് നിന്ന് ഭക്ഷണ സാധനങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉൗർജിതമായതായും അറിയുന്നു.