ഖത്തര്‍ ജിസിസി വിടേണ്ടി വരുമെന്ന താക്കീതുമായി സൌദി അനുകൂല രാജ്യങ്ങള്‍
|യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് ട്വിറ്റിലൂടെയാണ് ഇതു സംബന്ധിച്ച് ഖത്തറിന് ശക്തമായ താക്കീത് നൽകിയത്
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കർശന ഉപാധികൾ വെച്ചതിനു പിന്നാലെ, ഖത്തറിനെ ഗൾഫ് കൂട്ടായ്മയിൽ നിന്ന് മാറ്റിനിർത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സൗദി അനുകൂല രാജ്യങ്ങൾ. യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് ട്വിറ്റിലൂടെയാണ് ഇതു സംബന്ധിച്ച് ഖത്തറിന് ശക്തമായ താക്കീത് നൽകിയത്.
നയം മാറ്റിയില്ലെങ്കിൽ ഒരുമിച്ചു പോകാനാവില്ലെന്നും ആറംഗ ഗൾഫ് സഹകരണ കൗൺസിൽ കൂട്ടായ്മയിൽ നിന്ന് ഖത്തറിന് വേർപിരിയേണ്ടി വരുമെന്നും മന്ത്രി ഗർഗാശ് വ്യക്തമാക്കി. അംഗരാജ്യങ്ങൾ ഉന്നയിച്ച ആശങ്കകളെ അഭിമുഖീകരിക്കാൻ സാധ്യമല്ലെങ്കിൽ പിന്നെ എങ്ങനെ ഒത്തുപോകാൻ സാധിക്കുമെന്ന് ട്വീറ്റ് സന്ദേശത്തിൽ മന്ത്രി ആരാഞ്ഞു. രാഷ്ട്രീയ കൗമാരസ്വഭാവം തുടരാൻ തന്നെയാണ് തീരുമാനമെങ്കിൽ ജിസിസി കൂട്ടായ്മയിൽ നിന്നുള്ള വിടുതൽ തന്നെയാകും ഏറ്റവും നല്ല മാർഗം.
സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ ചോർത്തിയ ഖത്തർ നടപടിയെയും യുഎഇ മന്ത്രി രൂക്ഷമായി വിമർശിച്ചു. നിലവിലെ ഗൗരവപൂർണമായ മധ്യസ്ഥ നീക്കത്തെ അട്ടിമറിക്കാനോ അതല്ലെങ്കിൽ ഖത്തറിന്റെ ദുരൂഹനയത്തിന്റെ തുടർച്ച തന്നെയാണോ ഇതെന്നും മന്ത്രി ഗർഗാശ് ചോദിച്ചു. ചോർത്തൽ നടപടി പ്രതിസന്ധി മൂർച്ഛിപ്പിക്കും. നയതന്ത്ര നീക്കത്തെ ദുർബലപ്പെടുത്തുന്ന ഏതൊരു നീക്കവും വേറിട്ടുപോകലിന് വഴിയൊരുക്കുമെന്നും മന്ത്രി ഖത്തറിനെ ഓർമിപ്പിച്ചു. ഒന്നുകിൽ നിലനിൽക്കുന്ന സാഹചര്യങ്ങളെ ഉൾക്കൊണ്ട് മുന്നോട്ടു പോകാം. അതല്ലെങ്കിൽ പൂർണമായ ഒറ്റപ്പെടൽ തെരഞ്ഞെടുക്കാം. ഇതിൽ ഏതുവേണമെന്ന് ഖത്തറിന് തന്നെ തീരുമാനിക്കാമെന്നും യുഎഇ ഓർമിപ്പിച്ചു.
36 വർഷം പിന്നിട്ട ജിസിസി കൂട്ടായ്മയിൽ സൗദിക്കു പുറമെ യുഎഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളാണുള്ളത്. ജൂൺ 5 മുതൽ ഏർപ്പെടുത്തിയ ഉപരോധ സമാന നടപടികളിൽ നിന്ന് പക്ഷെ, കുവൈത്തും ഒമാനും വിട്ടുനിൽക്കുകയാണ്.