ജസീറ എയർവെയ്‌സ് ഇന്ത്യയിലേക്ക്; കൊച്ചി, മുംബൈ, അഹമ്മദാബാദ് സർവീസ് ഡിസംബറിൽ
|ഹൈദരാബാദ് കൊച്ചി, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലെക്കാണ് ബഡ്ജറ്റ് എയർലൈൻസായ ജസീറ സർവീസ് ആരംഭിക്കുന്നത്
കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർ വെയ്‌സ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നു. ഹൈദരാബാദ് കൊച്ചി, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലെക്കാണ് ബഡ്ജറ്റ് എയർലൈൻസായ ജസീറ സർവീസ് ആരംഭിക്കുന്നത്.
ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതെന്ന് കമ്പനി സി ഇഎ ഒ രോഹിത് രാമചന്ദ്രൻ പറഞ്ഞു . ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികളെയും പുതിയ സർവീസിലൂടെ ലക്ഷ്യമിടുന്നുണ്ട് . നവംബർ പതിനാറിന് ഹൈദരാബാദിലേക്കു സർവീസ് ആരംഭിച്ചു കൊണ്ടാണ് ജസീറ എയർവെയ്‌സ് ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത് . തുടർന്ന് ഡിസംബറിൽ കൊച്ചി അഹമ്മദാബാദ് , മുംബൈ എന്നീ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കും . എല്ലാ ദിവസവും വൈകീട്ട് 6 :40 നു കുവൈത്തിൽ നിന്ന് പുറപ്പെടുകയും പുലർച്ചെ 1.35നു തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് ഹൈദരാബാദ് സർവീസ് ക്രമീകരിച്ചിട്ടുള്ളത് .
ഇതുമൂലം പ്രവൃത്തി ദിവസങ്ങൾ നഷ്ടപ്പെടുത്താതെ യാത്രക്കാർക്ക് കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യാൻ കഴിയുമെന്ന് സി ഇ ഒ പറഞ്ഞു . കൊച്ചി ഉൾപ്പെടെയുള്ള സർവീസുകളുടെ സമയക്രമം വൈകാതെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 32 ദിനാർ മുതൽ ആയിരിക്കും കുവൈത്തിൽ നിന്നും ഹൈദരാബാദിലേക്കുള്ള വൺവേ നിരക്ക് . എക്കൊണോമി യാത്രക്കാർക്ക് 30 കിലോയും ബിസിനസ്സ് ക്ലാസ്സ് യാത്രക്കാർക്ക് 50 കിലോയും ബാഗേജ് അനുവദിക്കും . ജസീറയുടെ നവീകരിച്ച എയർബസ് A320 എയർ ക്രാഫ്റ്റുകൾ ആണ് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസിനായി ഉപയോഗിക്കുകയെന്നും അധികൃതർ അറിയിച്ചു.