അബൂദബി എമിറേറ്റിൽ പുകയില ഉൽപന്നങ്ങളുടെ കച്ചവടത്തിൽ വൻ കുറവ്
|2017 നാലാം പാദത്തിൽ മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 53.4 ശതമാനമാണ് വിൽപനയിൽ കുറവുണ്ടായത്
എക്സൈസ് നികുതി നടപ്പാക്കിയതിനെ തുടർന്ന് അബൂദബി എമിറേറ്റിൽ പുകയില ഉൽപന്നങ്ങളുടെ കച്ചവടത്തിൽ വൻ കുറവ്. 2017 നാലാം പാദത്തിൽ മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 53.4 ശതമാനമാണ് വിൽപനയിൽ കുറവുണ്ടായത്. സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അബൂദബിയാണ് ഇതു സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിച്ചത്. പോയ വർഷം ഡിസംബറിൽ പുകയില ഉൽപന്നങ്ങളുടെ പുനർകയറ്റുമതി രേഖപ്പെടുത്തിയിട്ടില്ലെന്നും സെന്റര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിലാണ് രാജ്യത്ത് എക്സൈസ് നികുതി പ്രാബല്യത്തിലായത്. ഇതോടെ പുകയില ഉൽപന്നങ്ങളുടെ വില 100 ശതമാനം വർധിച്ചു. സോഫ്റ്റ് ഡ്രിങ്ക്, എനർജി ഡ്രിങ്ക് തുടങ്ങി ആരോഗ്യത്തിന് ഹാനികരമാകാവുന്ന ഉൽപന്നങ്ങൾക്ക് 50 ശതമാനം മുതൽ 100 ശതമാനം വരെയും വില വർധിച്ചു. 2017 ഒക്ടോബർ മുതൽ ഡിസംബർ അവസാനം വരെ എമിറേറ്റിലെ പുകയില ഉൽപന്ന വ്യാപാരം 9.4 കോടി ഡോളറിന്റേതാണ്. 2016ൽ ഇതേ കാലയളവിലെ വ്യാപാരം 20.2 കോടി ദിർഹത്തിന്റെതായിരുന്നു.