ജൂണില്‍ ഖത്തറിലെ കെട്ടിട നിര്‍മ്മാണം കുറഞ്ഞതായി റിപ്പോര്‍ട്ട്
|വികസനാസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റുകളില്‍ 19% കുറവുണ്ടായെന്ന് കാണിക്കുന്നത്
ഖത്തറിലെ കെട്ടിട നിര്‍മ്മാണം ജൂണ്‍മാസത്തില്‍ പാടെ കുറഞ്ഞതായി റിപ്പോര്‍ട്ട്. വികസനാസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റുകളില്‍ 19% കുറവുണ്ടായെന്ന് കാണിക്കുന്നത് .
മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായത്തോടെ , വികസനാസൂത്രണ മന്ത്രാലയം തയാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ജൂണ്‍മാസത്തില്‍ ഖത്തറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ കുറവായിരുന്നു . കെട്ടിട നിര്‍മാണ പെര്‍മിറ്റുകളില്‍ 19% കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട് . മെയ് മാസത്തില്‍ ഇത് ഉയര്‍ന്നിരുന്നു. ഖത്തറിലുള്ള എല്ലാ മുനിസിപ്പാലിറ്റികളിലും മുന്‍മാസത്തെക്കാള്‍ ജൂണില്‍ അനുവാദം നല്‍കിയ പെര്‍മിറ്റുകളില്‍
കുറവുണ്ടായിട്ടുണ്ട്. അല്‍ദായീന്‍ മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കുറഞ്ഞത്. മെയ്മാസത്തെക്കാള്‍ നിര്‍മാണ പെര്‍മിറ്റുകളുടെ എണ്ണത്തില്‍ 34% കുറവ് സംഭവിച്ചു. ദോഹ മുനിസിപ്പാലിറ്റി അനുവാദം നല്‍കിയ പെര്‍മിറ്റുകളില്‍ 31%, അല്‍ റയ്യനില്‍ 14%, ഉം സലാലില്‍ 13%, അല്‍ ഖോറിലും അല്‍ വഖ്റയിലും 9% വീതവുമാണ് കുറവുണ്ടായത്. ജൂണില്‍ ഏറ്റവും കൂടുതല്‍ കെട്ടിടപെര്‍മിറ്റുകള്‍ അനുവദിച്ചത് അല്‍ റയ്യന്‍ മുനിസിപ്പാലിറ്റിയിലാണ്, 172 പെര്‍മിറ്റുകള്‍ ഇവിടെ അനുവദിച്ചു .
നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ പള്ളികള്‍ക്കാണ് കൂടുതല്‍ പെര്‍മിറ്റ് അനുവദിച്ചത്, പതിനൊന്നെണ്ണം. വാണിജ്യകെട്ടിടങ്ങള്‍ക്ക് പത്തു പെര്‍മിറ്റുകളും വര്‍ക്ക്ഷോപ്പുകളും ഫാക്ടറികളും ഉള്‍പ്പടെ വ്യവസായ കെട്ടിടങ്ങള്‍ക്ക് ഒന്‍പത് പെര്‍മിറ്റുകളും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് അഞ്ചു പെര്‍മിറ്റുകളും അനുവദിച്ചതായും
റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.