നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; കുവൈത്ത് ആരോഗ്യ മന്ത്രാലയം പിന്മാറിയതായി സൂചന
|നവംബർ ആദ്യവാരത്തിൽ നടക്കേണ്ടിയിരുന്ന പ്രതിനിധി സംഘത്തിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി അധികൃതർ എംബസിയെ അറിയിച്ചു
സ്വകാര്യ കമ്പനികൾ മുഖേന ഇന്ത്യയിൽ നിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിൽ നിന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പിന്മാറിയതായി സൂചന. നവംബർ ആദ്യവാരത്തിൽ നടക്കേണ്ടിയിരുന്ന പ്രതിനിധി സംഘത്തിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി അധികൃതർ എംബസിയെ അറിയിച്ചു .
ഇന്ത്യയിൽ നിന്ന് 670-നഴ്സുമാരെ വീതം റിക്രൂട്ട് ചെയ്യുന്നതിനായി കുവൈത്തിലെ മൂന്നു സ്വകാര്യ കമ്പനികൾക്കു ആരോഗ്യമന്ത്രാലയം അനുമതി നൽകിയിരുന്നു. എന്നാൽ വിവിധ കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ റിക്രൂട്ട്മെന്റ് നടപടികൾ തൽക്കാലം നിർത്തിവെക്കാൻ ആരോഗ്യമന്ത്രാലായം തീരുമാനിച്ചതായാണ് സൂചന . ഇന്റർവ്യൂ നടപടികൾക്കായി ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം അധികൃതർ എംബസിയെ അറിയിച്ചിട്ടുണ്ട് . ഇതോടെ നവംബർ ആദ്യവാരത്തിൽ ചെന്നെയിൽ ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്റർവ്യൂ നടക്കില്ലെന്നുറപ്പായി. നഴ്സിംഗ് റിക്രൂട്ട്മെന്റ് സ്വകാര്യ കമ്പനികളെ ഏൽപ്പിച്ച തീരുമാനത്തെ ചോദ്യം ചെയ്തു നഴ്സിംഗ് അസോസിയേഷൻ രംഗത്തു വന്നിരുന്നു എന്ത് അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികളെ നഴ്സിംഗ് റിക്രൂട്മെന്റ് ഏൽപ്പിച്ചതെന്ന കാര്യം ആരോഗ്യമന്ത്രാലയം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട അസോസിയേഷൻ കമ്പനികളെ കണ്ടെത്തുന്നതിൽ സെൻട്രൽ ടെണ്ടർ കമ്മിറ്റിയുടെ ഇടപെടൽ ഉണ്ടായിരുന്നോ എന്ന ചോദ്യം പാർലമെന്റിൽ ഉന്നയിക്കണമെന്നു എംപിമാരോട് അഭ്യർത്ഥിച്ചിട്ടുമുണ്ട് .