സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ മലയാളി ഗുരുതരാവസ്ഥയില്‍
|മലപ്പുറം പൊന്നാനി പാലപ്പെട്ടി അജ്മീര്‍ നഗര്‍ സ്വദേശി കട്ടിലിക്കായില്‍ കുഞ്ഞുമുഹമ്മദ് ആണ് രോഗ ദുരിതത്തില്‍ ഉഴലുന്നത്
സന്ദര്‍ശക വിസയില്‍ ദുബൈയിലത്തെിയ മലയാളി ഗുരുതരാവസ്ഥയില്‍ ദുബൈ റാഷിദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍. മലപ്പുറം പൊന്നാനി പാലപ്പെട്ടി അജ്മീര്‍ നഗര്‍ സ്വദേശി കട്ടിലിക്കായില്‍ കുഞ്ഞുമുഹമ്മദ് ആണ് രോഗ ദുരിതത്തില്‍ ഉഴലുന്നത്.
കഷ്ടപ്പാടില്‍ നിന്ന് കുടുംബത്തെ കര കയറ്റാന്‍ മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ ജോലി തേടി എത്തിയ കുഞ്ഞുമുഹമ്മദിനെ രോഗം വേട്ടയാടുകയായിരുന്നു. തലയിലെ രക്തസ്രാവം മൂലം ജൂലൈ 28നാണ് റാഷിദ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചത്. സങ്കീര്‍ണമായ ഓപറേഷന്‍ നടന്നെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതി കൈവരിക്കാനായിട്ടില്ല. ചങ്ങരംകുളം കല്ലൂര്‍മ്മ പെരുമ്പാള്‍ മഹല്ലില്‍ താമസക്കാരനായ കുഞ്ഞുമുഹമ്മദിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. വാടക വീട്ടില്‍ ജീവിക്കുന്ന ഭാര്യയും മൂന്നു ചെറിയ ആണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍െറ ഏകാവലംബമാണ് കുഞ്ഞുമുഹമ്മദ്. കുട്ടികളില്‍ രണ്ടു പേര്‍ രോഗികളുമാണ്.
ആശുപത്രിയിലെ ഭീമമായ ചെലവും ദരിദ്ര കുടുംബത്തിന്റെ ബാധ്യതയും എങ്ങനെ നിറവേറ്റാന്‍ സാധിക്കുമെന്ന് ആര്‍ക്കും അറിയില്ല. പ്രവാസികളായ നാട്ടുകാരുടെ കൂട്ടായ്മയായ തണല്‍ ഈ വലിയ ദൂത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഉദാരമതികളുടെ സഹായം തേടുകയാണ് തങ്ങളെന്ന് തണല്‍ ജനറല്‍ സെക്രട്ടറി ആഷിക് പറഞ്ഞു. കുഞ്ഞുമുഹമ്മദിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 052 9833289 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സാരഥികള്‍ അറിയിച്ചു.