റോഹിങ്ക്യൻ അഭയാർഥികൾക്ക് ജീവകാരുണ്യ ഉൽപന്നങ്ങൾ എത്തിക്കാൻ യുഎഇ ഉത്തരവിട്ടു
|വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്
റോഹിങ്ക്യൻ അഭയാർഥികൾക്ക് ജീവകാരുണ്യ ഉൽപന്നങ്ങൾ എത്തിക്കാൻ അടിയന്തര സംവിധാനം ഒരുക്കാൻ യുഎഇ ഉത്തരവിട്ടു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
മ്യാൻമറിൽ വംശീയ ഉൻമൂലനം നേരിടുന്ന റോഹിങ്ക്യൻ ജനതക്ക് ഭക്ഷൽ ഉൽപന്നങ്ങളും മറ്റും എത്തിക്കാൻ ഓപൺ എയർ പാലം തന്നെ തുറക്കാനാണ് ഉത്തരവ്. യു.എന്നിന്റെയും സർക്കാറേതര സംഘടനകളുടെയും പ്രവർത്തനങ്ങൾക്ക് ഊർജം പകരാനുള്ള യു.എ.ഇയുടെ തുടർ നടപടി കൂടിയാണിത്. ഉൽപന്നങ്ങളുമായുള്ള മറ്റൊരു വിമാനം പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. കൂടുതൽ വിമാനങ്ങൾ ഉടൻ തന്നെ അയക്കാനും നിർദേശം നൽകി. ബംഗ്ലാദേശിൽ എത്തിയ റോഹിങ്ക്യൻ അഭയാർഥികൾക്കായി ഇതിനകം 280 മെട്രിക് ടൺ ജീവകാരുണ്യ ഉൽപന്നങ്ങളാണ് യു.എ.ഇ വിതരണം ചെയ്തത്. താൽക്കാലിക പാർപ്പിട സംവിധാനങ്ങൾ ഒരുക്കാനും യു.എ.ഇ തീവ്രനീക്കത്തിലാണ്. പതിനായിരത്തിലേറെ അഭയാർഥികൾക്ക് ഇതിനകം തുണയാകാൻ യു.എ.ക്ക് സാധിച്ചിട്ടുണ്ട്.
ശൈഖ് മുഹമ്മദിന്റെ പുതിയ ഉത്തരവ് വന്നതോടെ ദുബൈയിലെ എണ്ണമറ്റ സന്നദ്ധ സംഘടനകൾ റോഹിങ്ക്യൻ ജനതക്കായി വിപീലമായ കർമപദ്ധതികളും തയാറാക്കും. ശൈഖ് മുഹമ്മദിന്റെ പത്നി ഹയ ബിൻത് അൽ ഹുസൈന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയും റോഹിങ്ക്യൻ ജനതയുടെ കണ്ണീരൊപ്പാനുള്ള തിടുക്കത്തിലാണ്.