Gulf
​റോഹിങ്ക്യൻ അഭയാർഥികൾക്ക്​ ജീവകാരുണ്യ ഉൽപന്നങ്ങൾ എത്തിക്കാൻ യുഎഇ ഉത്തരവിട്ടു​റോഹിങ്ക്യൻ അഭയാർഥികൾക്ക്​ ജീവകാരുണ്യ ഉൽപന്നങ്ങൾ എത്തിക്കാൻ യുഎഇ ഉത്തരവിട്ടു
Gulf

​റോഹിങ്ക്യൻ അഭയാർഥികൾക്ക്​ ജീവകാരുണ്യ ഉൽപന്നങ്ങൾ എത്തിക്കാൻ യുഎഇ ഉത്തരവിട്ടു

Jaisy
|
20 May 2018 12:32 AM GMT

വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇതു സംബന്ധിച്ച നിർദേശം നൽകിയത്

റോഹിങ്ക്യൻ അഭയാർഥികൾക്ക്​ ജീവകാരുണ്യ ഉൽപന്നങ്ങൾ എത്തിക്കാൻ അടിയന്തര സംവിധാനം ഒരുക്കാൻ യുഎഇ ഉത്തരവിട്ടു. വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇതു സംബന്ധിച്ച നിർദേശം നൽകിയത്.

മ്യാൻമറിൽ വംശീയ ഉൻമൂലനം നേരിടുന്ന റോഹിങ്ക്യൻ ജനതക്ക്​ ഭക്ഷൽ ഉൽപന്നങ്ങളും മറ്റും എത്തിക്കാൻ ഓപൺ എയർ പാലം തന്നെ തുറക്കാനാണ്​ ഉത്തരവ്​. യു.എന്നിന്റെയും സർക്കാറേതര സംഘടനകളുടെയും പ്രവർത്തനങ്ങൾക്ക്​ ഊർജം പകരാനുള്ള യു.എ.ഇയുടെ തുടർ നടപടി കൂടിയാണിത്​. ഉൽപന്നങ്ങളുമായുള്ള മറ്റൊരു വിമാനം പുറപ്പെട്ടതായി അധികൃതർ അറിയിച്ചു​. കൂടുതൽ വിമാനങ്ങൾ ഉടൻ തന്നെ അയക്കാനും നിർദേശം നൽകി. ബംഗ്ലാദേശിൽ എത്തിയ റോഹിങ്ക്യൻ അഭയാർഥികൾക്കായി ഇതിനകം 280 മെട്രിക്​ ടൺ ജീവകാരുണ്യ ഉൽപന്നങ്ങളാണ്​ യു.എ.ഇ വിതരണം ചെയ്​തത്​. താൽക്കാലിക പാർപ്പിട സംവിധാനങ്ങൾ ഒരുക്കാനും യു.എ.ഇ തീവ്രനീക്കത്തിലാണ്​. പതിനായിരത്തിലേറെ അഭയാർഥികൾക്ക്​ ഇതിനകം തുണയാകാൻ യു.എ.ക്ക്​ സാധിച്ചിട്ടുണ്ട്​.

ശൈഖ്​ മുഹമ്മദിന്റെ പുതിയ ഉത്തരവ്​ വന്നതോടെ ദുബൈയിലെ എണ്ണമറ്റ സന്നദ്ധ സംഘടനകൾ റോഹിങ്ക്യൻ ജനതക്കായി വിപീലമായ കർമപദ്ധതികളും തയാറാക്കും. ശൈഖ്​ മുഹമ്മദിന്റെ പത്നി ഹയ ബിൻത്​ അൽ ഹുസൈന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയും റോഹിങ്ക്യൻ ജനതയുടെ കണ്ണീരൊപ്പാനുള്ള തിടുക്കത്തിലാണ്​.

Related Tags :
Similar Posts