സമാധാന ആവശ്യത്തിന് ആണവോര്‍ജ്ജം; ആണവ നയത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം
|ഇതിന്റെ ഭാഗമായി രാജ്യത്ത് ആണവ നിയലയങ്ങള്‍ സ്ഥാപിക്കും
സമാധാന ആവശ്യത്തിന് ആണവോര്‍ജ്ജം എന്ന തത്വത്തിലൂന്നി ആണവ നയത്തിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി രാജ്യത്ത് ആണവ നിയലയങ്ങള്‍ സ്ഥാപിക്കും. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. പെട്രോളിതര ഊര്‍ജ്ജ സ്രോതസ്സ് കണ്ടത്തെുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ആണവ നിലയങ്ങളുടെ നിരീക്ഷണത്തിന് പ്രത്യേക കമ്മിറ്റിയും രൂപീകരിക്കും.
റിയാദ് അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പെട്രോളിതര ഊര്‍ജ്ജ സ്രോതസ്സ് കണ്ടത്തെുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആണവ നിയലയങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനം. സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹാണ് വിഷയത്തില്‍ കരട് സമര്‍പ്പിച്ചിരുന്നത്. കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ഏതാനും നിബന്ധകളുടെ വ്യവസ്ഥയിലാണ് ആണവ നയം രൂപപ്പെടുത്തിയിട്ടുള്ളത്. എല്ലാ ആണവ പദ്ധതികളും സമാധാന ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തുക, ആണവ പരിപാടികളില്‍ സുതാര്യത കാത്തുസൂക്ഷിക്കുക, ആണവ നിലയങ്ങളുടെ സ്വതന്ത്ര നിരീക്ഷണം, റേഡിയേഷന്‍ പോലുള്ള പ്രശനങ്ങളില്‍ നിന്നുള്ള സുരക്ഷ, ആണവ അസംസ്കൃത വസ്തുക്കളുടെ മാതൃകാപരമായ ഉപയോഗം, ആണവ വേസ്റ്റിന്റെ കാര്യക്ഷമവും അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുമുള്ള കൈകാര്യം, ആണവോര്‍ജ്ജത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തല്‍ എന്നിവയാണ് മന്ത്രിസഭ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍. ആണവ നിലയങ്ങളുടെ മേല്‍നോട്ടം, സ്വതന്ത്ര നിരീക്ഷണം, റേഡിയേഷന്‍ തടയല്‍ തുടങ്ങിയവക്കുള്ള പ്രത്യേക സഭ രൂപീകരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കുകയുണ്ടായി.