അമേരിക്കൻ എംബസി മാറ്റിയ നടപടി പശ്ചിമേഷ്യൻ സമാധാന നീക്കങ്ങൾക്ക് വൻ തിരിച്ചടിയാകുമെന്ന് അറബ് ലീഗ്
|നിരവധി പേരുടെ മരണത്തിനും ആയിരങ്ങൾക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ആക്രമണത്തിനെതിരെ ലോകസമൂഹം രംഗത്തു വരണമെന്ന് വിവിധ രാജ്യങ്ങളും കൂട്ടായ്മകളും ആവശ്യപ്പെട്ടു.
ഇസ്രായേൽ തലസ്ഥാനമാറ്റത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ഫലസ്തീൻ ജനതക്കു നേരെ തുടരുന്ന അതിക്രമം അറബ് ലോകത്തും കനത്ത പ്രതിഷേധത്തിനിടയാക്കി. അമേരിക്കൻ എംബസി മാറ്റിയ നടപടി പശ്ചിമേഷ്യൻ സമാധാന നീക്കങ്ങൾക്ക് വൻ തിരിച്ചടിയാകുമെന്ന് അറബ് ലീഗ് ഉൾപ്പെടെയുള്ള കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകി.
നിരവധി പേരുടെ മരണത്തിനും ആയിരങ്ങൾക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ആക്രമണത്തിനെതിരെ ലോകസമൂഹം രംഗത്തു വരണമെന്ന് വിവിധ രാജ്യങ്ങളും കൂട്ടായ്മകളും ആവശ്യപ്പെട്ടു. ഫലസ്തീൻ ജനത നേരിടുന്ന കടുത്ത പരീക്ഷണ ഘട്ടത്തിൽ തങ്ങൾക്ക് പൂർണ പിന്തുണ നൽകണമെന്ന് മഹ്മൂദ് അബ്ബാസ് ഉൾപ്പെടെയുള്ള ഫലസ്തീൻ നേതാക്കൾ അറബ് ലോകത്തോട് ആവശ്യപ്പെട്ടു. നിരപരാധികളായ മനുഷ്യരെ ക്രൂരമായി കൊന്നൊടുക്കുന്ന ഇസ്രായേൽ പൈശാചികതക്കെതിരെ യോജിച്ച നീക്കം വേണമെന്നാണ് അറബ് ലോകത്തിന്റെ വികാരം. എന്നാൽ ആഭ്യന്തര ശൈഥില്യവും യു.എസ് വിധേയത്വവും കാരണം ഉറച്ച രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന് ചില അറബ് രാജ്യങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ബുധനാഴ്ച അറബ് ലീഗ് അടിയന്തര നേതൃയോഗം ചേരും. എംബസി മാറ്റിയ യു.എസ് നടപടിക്കെതിരെ ലോകതലത്തിൽ രാഷ്ട്രീയ സമ്മർദ്ദം തുടരാൻ തന്നെയാകും അറബ് ലീഗ് തീരുമാനം. മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒ.എ.സി കടുത്ത പ്രതിഷേധവുമായി രംഗത്തു വന്നു. യു.എസ് എംബസി മാറ്റം തികച്ചും നിയമവിരുദ്ധമായ നടപടിയൊണെന്നും അതിനെതിരെ പ്രതികരിക്കാനുള്ള ഫലസ്തീൻ സമൂഹത്തിന്റെ അവകാശത്തെ പിന്തുണക്കുന്നതായും ഒ.ഐ.സി വ്യക്തമാക്കി. തുർക്കി പ്രസിഡന്റ് ഉർദുഗാൻ ഉൾപ്പെടെയുള്ള നേതാക്കളും യു.എസ് നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചു.