ഖത്തറില്‍ മലയാളി കുടുംബത്തിന്റെ പാസ്‍പോര്‍ട്ടും സ്വര്‍ണവും കൊള്ളയടിച്ചു
|ഖത്തറില്‍ മലയാളി കുടുംബത്തിന്റെ പാസ്പോര്‍ട്ടും സ്വര്‍ണ്ണവും കൊള്ളയടിച്ചു. നഷ്ടപ്പെട്ടത് 3 പേരുടെ പാസ്‌പോര്‍ട്ടുകളും 17 പവന്‍ സ്വര്‍ണവും.
ഖത്തറില്‍ മലയാളി കുടുംബത്തിന്റെ പാസ്പോര്‍ട്ടും സ്വര്‍ണ്ണവും കൊള്ളയടിച്ചു. നഷ്ടപ്പെട്ടത് 3 പേരുടെ പാസ്‌പോര്‍ട്ടുകളും 17 പവന്‍ സ്വര്‍ണവും. തൃശൂര്‍ സ്വദേശികളായ കുടുംബത്തിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങി. വീടിന്റെ ഗൃഹപ്രവേശനം നടത്തുന്നതിനാണ് ഈ മാസം 12 ന് ഇവര്‍ പോകാനിരുന്നത്.
ഖത്തറിലെ ലക്തയില്‍ താമസിക്കുന്ന തൃശ്ശൂര്‍ ചാവക്കാട് ഒരുമനയൂര്‍ സ്വദേശി പി.കെ മുഹമ്മദ് ഉണ്ണിയുടെ വില്ലയിലാണ് ഇവര്‍ പുറത്തു പോയ സമയത്ത് മോഷണം നടന്നത്. അടച്ചിട്ട വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പാസ്‌പോര്‍ട്ടുകളും മറ്റ് വിലപ്പെട്ട രേഖകളുമാണ് നഷ്ടപ്പെട്ടത്. ഇതോടെ ഭാര്യയും മകളുമടങ്ങുന്ന മൂന്നംഗ കുടുംബത്തിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങി. ഇവരുടെ നാട്ടിലെ വീടിന്റെ ഗൃഹപ്രവേശനം നടത്താനായി ഈ മാസം 12 ന നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചതായിരുന്നു. മുഹമ്മദ് ഉണ്ണിയുടെയും ഭാര്യ ഷെമി, മകള്‍ ആമിന എന്നിവരുടെ പാസ്പോര്‍ട്ടുകളും ഡ്രൈവിങ് ലൈസന്‍സ്, ജനന സര്‍ട്ടിഫിക്കറ്റ്, ഷെയര്‍ മാര്‍ക്കറ്റിലെ പത്ത് ലക്ഷത്തോളം രൂപയിലധികം വിലയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്കു പുറമെ 17 പവന്റെ ആഭരണങ്ങളും മോഷ്ടിക്കപെട്ടിട്ടുണ്ട് . കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീടിന്റെ താക്കോലുകളിലൊന്ന് കാണാതായിരുന്നുവെന്ന് മുഹമ്മദ് ഉണ്ണി പറഞ്ഞു. യാത്ര മുടങ്ങിയതോടെ മാനസികമായി തളര്‍ന്ന കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് വീട്ടിലെത്തി വിരലടയാളം എടുക്കുകയും അന്വേഷണം തുടരുകയുമാണ്. അതിനിടയില്‍ പുതിയ പാസ്പോര്‍ട്ട് എടുത്ത് നാട്ടിലേക്ക് പോകുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഇവര്‍.