കുവൈത്ത് തെരഞ്ഞെടുപ്പ്: മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം പുറത്തിറക്കി
|സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രസിദ്ധീകരിക്കരുതെന്നാണ് നിര്‍ദേശം
കുവൈത്തില്‍ പാര്‍ലമെന്റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടു വാര്‍ത്താ വിതരണ മന്ത്രാലയം മാധ്യമങ്ങള്‍ക്ക് പെരുമാറ്റ ചട്ടം പുറത്തിറക്കി. മാധ്യമനിരീക്ഷണത്തിനായി ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു. സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രസിദ്ധീകരിക്കരുതെന്നാണ് നിര്‍ദേശം
വാര്‍ത്താ വിതരണ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് ആണ് മാധ്യമങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ച പൊതു അഭിപ്രായം നേരത്തെ പ്രസിദ്ധീകരിക്കരുത്, ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അന്തിമ ഫലം പ്രസിദ്ധീകരിക്കാതിരിക്കുക, തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമോ അതിന്റെ തൊട്ട് മുമ്പുള്ള ദിവസമോ സ്ഥാനാര്‍ഥികളുമായുളള അഭിമുഖം, പ്രത്യേകഫീച്ചര്‍ എന്നിവ പാടില്ല, ഗോത്രങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയില്‍ നടക്കുന്ന സമാന്തര ശാഖാ തെരഞ്ഞെടുപ്പുകള്‍ക്കു വാര്‍ത്താ പ്രാധാന്യം നല്‍കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
ദിനപത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, സോഷ്യല്‍ മീഡിയ സൈറ്റുകള്‍ തുടങ്ങി മുഴുവന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. പെരുമാറ്റ ചട്ട ലംഘനം നിരീക്ഷിക്കാന്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും നിയമം ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു.