സൌദി വിഷന്‍ 2030: ഗ്രീന്‍ കാര്‍ഡ് പ്രവാസികള്‍ക്കും സൌദിക്കും ഗുണപരമെന്ന് നീരിക്ഷണം
|ടൂറിസം മേഖല തുറന്ന് നല്‍കുന്നതും വലിയ മാറ്റങ്ങള്‍ക്ക് കാരണമാവും
സൗദിയില്‍ ദീര്‍ഘകാലം പ്രവാസജീവിതം നയിക്കുന്ന വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കാനുള്ള തീരുമാനം നിരവധി പേര്‍ക്ക് ഗുണകരമാവും. അതോടൊപ്പം രാജ്യത്തിന് വലിയ സാമ്പത്തിക സ്രോതസ്സായും പദ്ധതി മാറും. സൌദി വിഷന്‍ 2030ന്റെ ഭാഗമായാണ് ഗ്രീന്‍കാര്‍ഡ് പ്രഖ്യാപിച്ചത്. ടൂറിസം മേഖല തുറന്ന് നല്‍കുന്നതും വലിയ മാറ്റങ്ങള്‍ക്ക് കാരണമാവും.
രാഷ്ട്രത്തിന്റെ പെട്രോള്‍ ഇതരവരുമാനവും മുതല്‍മുടക്കും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമാക്കിയാണ് വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നടപ്പാക്കുന്നത്. രണ്ടും മൂന്നും പതിറ്റാണ്ട് സൗദിയില്‍ തങ്ങുന്ന പ്രവാസികളും സ്വദേശികളെപ്പോലെ ദീര്‍ഘകാലമായി സൗദിയില്‍ തങ്ങുന്നവരും തങ്ങളുടെ വരുമാനും മുഴുവനായും സ്വദേശത്തേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരം കാണാനും വിദേശികളുടെ വരുമാനം സൗദിയില്‍ തന്നെ മുതല്‍മുടക്കുന്നതിനും അവസരമുണ്ടാക്കാനും ദീര്‍ഘകാലമായി രാജ്യത്ത് തങ്ങാനും മുതല്മുടക്കാനും സന്നദ്ധതയുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കും.
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി അറബ്, മുസ്ലിം വിഭാഗങ്ങള്‍ക്ക് നല്കുന്ന ഗ്രീന്‍ കാര്‍ഡ് അഞ്ച് വര്‍ഷത്തിനകം പ്രാബല്യത്തില്‍ വരുമെന്നും അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു. വിവിധ ഇനങ്ങള്‍ക്ക് ടാക്സ് ഏര്‍പ്പെടുത്തിക്കൊണ്ടും രാഷ്ട്രത്തിന്റെ പെട്രോള്‍ ഇതര വരുമാനം വര്‍ധിപ്പിക്കും. 70 അനുഛേദങ്ങളുള്ള പരിപാടികളാണ് പെട്രോള്‍ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപ്പാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂല്യങ്ങളും ആചാരങ്ങളും മുറുകെപിടിച്ച് രാജ്യത്തിന്റെ ടൂറിസം മേഖല എല്ലാവര്ക്കും തുറന്നു നല്‍കാനും തീരുമാനമുണ്ട്. സൌദിയിലെ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിവിധ മേഖലകളില്‍ മുന്നേറ്റം നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇസ്ലാമിക ചരിത്ര പാരമ്പര്യത്തെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതോടൊപ്പം വലിയൊരു വരുമാന സ്രോതസ്സായും ഇതിനെ മാറ്റിയെടുക്കും. രണ്ടായിരത്തി പതിനാലിനെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിരുന്നു.