കമോണ്‍ കേരള- അറബ് ലോകവും മലയാളികളും ഒരുമിച്ചു ചേർന്ന് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മേള
|പ്രവാസികൾ എന്നും മനസിൽ സൂക്ഷിക്കുന്ന നൻമയും പച്ചപ്പും നിറഞ്ഞ കേരളത്തിന്റെ തനതു കാഴ്ചകൾ പുനസൃഷ്ടിച്ചാണ് എക്സ്പോ സെന്ററിൽ വേദി ഒരുങ്ങുക
ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസ്മിയുടെ വിജയകരമായ കേരള സന്ദർശനത്തിന്റെ തുടർച്ചയെന്ന നിലക്കു കൂടിയാണ് 'ഗൾഫ് മാധ്യമം' മുൻകൈയെടുത്ത് 'കമോൺ കേരള' മേള ഒരുക്കുന്നത്. അറബ് ലോകവും മലയാളികളും ഒരുമിച്ചു ചേർന്ന് സംഘടിപ്പിക്കുന്ന ഏറ്റവും വിപുലമായ മേളയെന്ന പ്രത്യേകത കൂടിയുണ്ട് കമോണ്‍ കേരളക്ക്.
ആഗോള ഖ്യാതി നേടിയ വ്യവസായ സ്ഥാപനങ്ങളും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളും മുതൽ കേരളത്തിലെ ചെറുഗ്രാമങ്ങളിൽ നിന്ന് ഉദയമെടുത്ത സ്റ്റാർട്ട്അപ്പ് സംരംഭകർവരെ അണി നിരക്കുന്ന വിപുലമായ ഉൽപന്ന പ്രദർശനമേള, ഇൻഡോ അറബ് വിമൺ എൻട്രപ്രണർ അവാർഡ്, വ്യവസായ ചർച്ചകൾ, ഉടമ്പടികൾ, സാംസ്കാരിക സന്ധ്യകൾ തുടങ്ങി വിപുലമായ പരിപാടികളാണ് ത്രിദിന മേളയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രവാസി സമൂഹത്തെ സ്വന്തം ജനതയായി കണ്ട് സ്നേഹിച്ച, പരസ്പര സഹകരണവും ലോകത്തിന്റെ പുരോഗതിയും വിഭാവനം ചെയ്ത യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ഓർമ വർഷത്തിലാണ് കമോൺ കേരളക്ക് തുടക്കമിടുന്നത്.
പ്രവാസികൾ എന്നും മനസിൽ സൂക്ഷിക്കുന്ന നൻമയും പച്ചപ്പും നിറഞ്ഞ കേരളത്തിന്റെ തനതു കാഴ്ചകൾ പുനസൃഷ്ടിച്ചാണ് എക്സ്പോ സെന്ററിൽ വേദി ഒരുങ്ങുക. പുരസ്കാര ജേതാവ് ബാവയുടെ മേൽനോട്ടത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ഭക്ഷ്യവിഭവങ്ങൾ ഉൾക്കൊള്ളുന്ന തെരുവും മേളയുടെ മറ്റൊരു പ്രത്യേകതയാണ്.