എണ്ണ ഉത്പാദന നിയന്ത്രണം അടുത്ത വർഷവും തുടരാൻ ഒപെകും ഇതര രാഷ്ട്രങ്ങളും തമ്മില്‍ ധാരണ
|ഈ വർഷം അവസാനം വരെ മാത്രം ഉത്പാദനം നിയന്ത്രിക്കാനാണ് നിലവില്‍ ധാരണയുള്ളത്
എണ്ണ ഉത്പാദന നിയന്ത്രണം അടുത്ത വർഷവും തുടരാൻ ഒപെക്,ഒപെക് ഇതര രാഷ്ട്രങ്ങൾ തമ്മില്‍ ധാരണ. ഈ വർഷം അവസാനം വരെ മാത്രം ഉത്പാദനം നിയന്ത്രിക്കാനാണ് നിലവില്‍ ധാരണയുള്ളത്. മസ്കത്തിൽ ചേര്‍ന്ന മന്ത്രിതല നിരീക്ഷണ കമ്മിറ്റി യോഗത്തിന് ശേഷം സൗദി ഊര്‍ജ മന്ത്രി ഖാലിദ് അൽ ഫാലിഹ് ആണ് ഉത്പാദന രാഷ്ട്രങ്ങൾ തമ്മിലെ സഹകരണം തുടരാനുള്ള സാധ്യതയെ കുറിച്ച് വ്യക്തമാക്കിയത്.
ആഗോളതലത്തിലെ എണ്ണ നീക്കിയിരിപ്പിന് അനുസരിച്ചാകും പുതിയ തീരുമാനം. എണ്ണ ശേഖരം പ്രതീക്ഷക്ക് അപ്പുറം പോകുന്ന പക്ഷം നിയന്ത്രണം 2019ലും തുടരുന്നത് പരിഗണിക്കാൻ ഉത്പാദന രാഷ്ട്രങ്ങൾ നിർബന്ധിതരാകും. എന്നാൽ സഹകരണം ഏത് രീതിയിൽ തുടരണം എന്നതിനെ കുറിച്ച് ഇതുവരെ അന്തിമ ധാരണയായിട്ടില്ലെന്നും ദീർഘകാല സഹകരണം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തേണ്ടതെന്നും അൽ ഫാലിഹ് പറഞ്ഞു. 2017 ജനുവരി മുതൽ ഒരു വർഷത്തേക്ക് ഉത്പാദനം നിയന്ത്രിക്കാനാണ് ആദ്യം തീരുമാനിച്ചത്. വിപണിയിലുള്ള അധിക എണ്ണ ഇല്ലാതാക്കുന്നതിനായി ഇത് പിന്നീട് 2018ലേക്കും നീട്ടുകയായിരുന്നു. വിപണിയെ ആരോഗ്യവസ്ഥയിൽ എത്തിക്കുന്നതിന് ഉത്പാദക രാഷ്ട്രങ്ങൾക്ക് ഇനിയുമേറെ പ്രവർത്തിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വില ഉയർത്തുന്നതിന് പകരം വിപണിയിലെ അധിക എണ്ണകുറക്കുകയാണ് ഉത്പാദന നിയന്ത്രണത്തിന്റെ ലക്ഷ്യമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഒമാൻ എണ്ണ മന്ത്രി ഡോ.മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി പറഞ്ഞു. നിലവിലെ വില എണ്ണമേഖലയിലെ നിക്ഷേപങ്ങൾക്കും ആഗോള സമ്പദ്ഘടനക്കും ആരോഗ്യകരമാണ്.