സൗദി കിരീടാവകാശി ഏപ്രില്‍ 8ന് ഫ്രാന്‍സ് സന്ദര്‍ശിക്കും
|രണ്ട് ദിവസം നീളുന്ന പര്യടനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും
സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏപ്രില്‍ എട്ടിന് ഫ്രാന്‍സ് സന്ദര്‍ശിക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസം നീളുന്ന പര്യടനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കിരീടാവകാശിയുടെ വിദേശ പര്യടനത്തിന്റെ ഭാഗമായാണ് അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സ് സന്ദര്‍ശനം തീരുമാനിച്ചത്. പാരീസില്‍ വെച്ച് നടക്കുന്ന സൗദി, ഫ്രാന്‍സ് ഇക്കണോമിക് ഫോറത്തില്‍ കിരീടാവകാശി പങ്കെടുക്കും. വന്‍ രാഷ്ട്രങ്ങളുമായി സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കിരീടാവകാശി നിലവില്‍ അമേരിക്കയും ശേഷം ഫ്രാന്‍സും സന്ദര്‍ശിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സന്ദര്‍ശനത്തെക്കുറിച്ച് സൗദി അധികൃതരുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. സൗദി വിഷന്‍ 2030ന്റെ ഭാഗമായി വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ, രാഷ്ട്രീയ സഹകരണം ശക്തമാക്കലും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. പാരീസില്‍ നടക്കുന്ന ഇക്കണോമിക് ഫോറത്തെത്തുടര്‍ന്ന് ഏതാനും ധാരണ പത്രങ്ങള്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.