കെ.എം.സി.സി ത്രൈമാസ ക്യാമ്പയിന് തുടക്കമായി
|മുസ്ലിം ലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്
സൗദി ദമ്മാം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന് തുടക്കമായി. മുസ്ലിം ലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. ഇസ്ലാമിക പ്രഭാഷകന്‍ റാഷിദ് ഗസ്സാലി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
മെയ് 12 മുതല്‍ മൂന്ന് മാസക്കാലം നീണ്ടു നില്ക്കുന്ന തുടര്‍ ക്യാമ്പയിന് ആയിട്ടാണ് പരിപാടികള്‍ നടക്കുക. ക്യാമ്പയിന്റെ ഭാഗമായി വിത്യസ്ഥങ്ങളായ വിവിധ പരിപാടികളാണ് നടപ്പാക്കുക. റമദാനില്‍ സി.എച്ച് സെന്ററുകളുമായി സഹകരിച്ച് മുന്നൂറ് രോഗികള്‍ക്ക് സാന്ത്വനമേകുന്നതിന് റമദാന് റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സൗദി കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ മദ്രസകളിലെയും വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് 'ഖുര്‍ആന്‍ മുസാബഖ' പരിപാടി സംഘടിപ്പിക്കും. കലാ, കായിക, വിദ്യഭ്യാസ രംഗങ്ങളുലുള്ളവരെ ആദരിക്കും. തുടങ്ങിയ വിവിധ കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസത്തോടെ സമാരംഭം കുറിച്ചത്. പരിപാടിയില്‍ ദമ്മാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലയാളി അംഗം സുനില്‍ മുഹമ്മദിന് സ്വീകരണം നല്കി. റാഷിദ് ഗസ്സാലി റമദാന് മുന്നൊരുക്കം എന്ന വിഷയത്തില്‍ സദസ്സിനോട് സംവദിച്ചു. പ്രവിശ്യാ കെ.എം.സി.സി പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുസ്സലാം, റഹമാന് കാര്യാട് എന്നിവര്‍ സംസാരിച്ചു.