Gulf
ഹറമില്‍ ജുമുഅ നമസ്‍കരിച്ചതിന്റെ പുണ്യവുമായി ആയിരങ്ങള്‍ മിനയിലേക്ക്ഹറമില്‍ ജുമുഅ നമസ്‍കരിച്ചതിന്റെ പുണ്യവുമായി ആയിരങ്ങള്‍ മിനയിലേക്ക്
Gulf

ഹറമില്‍ ജുമുഅ നമസ്‍കരിച്ചതിന്റെ പുണ്യവുമായി ആയിരങ്ങള്‍ മിനയിലേക്ക്

Alwyn K Jose
|
23 May 2018 10:17 AM GMT

ഹജ്ജ് കര്‍മ്മങ്ങളുടെ ആരംഭം കുറിക്കാനായി മിനയിലേക്ക് തിരിക്കാനിരിക്കെ ഹറമില്‍ ജുമുഅ നമസ്കരിക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉപയോഗപ്പെടുത്താനെത്തിയ തീര്‍ഥാടകരാല്‍ ഹറം അകവും പുറവും നിറഞ്ഞുകവിഞ്ഞു.

ഹജ്ജ് കര്‍മ്മങ്ങളുടെ ആരംഭം കുറിക്കാനായി മിനയിലേക്ക് തിരിക്കാനിരിക്കെ ഹറമില്‍ ജുമുഅ നമസ്കരിക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉപയോഗപ്പെടുത്താനെത്തിയ തീര്‍ഥാടകരാല്‍ ഹറം അകവും പുറവും നിറഞ്ഞുകവിഞ്ഞു. മക്ക മസ്ജിദുല്‍ ഹറാമില്‍ മാത്രം 15 ലക്ഷത്തിലധികം തീര്‍ഥാടകരാണ് ജമുഅക്കെത്തിയത്.

സുബ്ഹ് നമസ്ക്കാരം മുതല്‍തന്നെ ജുമുഅയില്‍ പങ്കെടുക്കാന്‍ തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറമിലെത്തിയിരുന്നു. ഹറമിന്റെ അകവും പുറവും നിറഞ്ഞുകവിഞ്ഞതോടെ തൊട്ടടുത്തുള്ള ഹോട്ടല്‍ സമുച്ചയങ്ങളും പാതയോരങ്ങളും തീര്‍ഥാടകര്‍ കീഴടക്കി. ഗതാഗതക്കുരുക്ക് കാരണം ജുമുഅക്ക് ഹറമിലെത്താന്‍ കഴിയാത്ത നിരവധി ഹാജിമാര്‍ അടുത്തുള്ള പള്ളികളിലാണ് നമസ്കാരത്തില്‍ പങ്കെടുത്തത്. ഹജ്ജ് അവസാനിച്ച ഉടനെ യാത്ര തിരിക്കേണ്ട ഹാജിമാര്‍ക്ക് ഇത് മക്കയിലെ ഈ വര്‍ഷത്തെ അവസാന ജുമുഅ കൂടിയായിരുന്നു. തീര്‍ഥാടകരുടെ സുരക്ഷക്ക് വന്‍പ്രാധാന്യമാണ് അധികൃതര്‍ നല്‍കിയത്. ഹാജിമാരുടെ സേവനത്തിനായി പ്രത്യേകം പരിശീലനം ലഭിച്ച സൗദി സ്ക്കൗട്ട് വാളണ്ടിയര്‍മാരും ഹറമിനകത്തും പുറത്തും സജ്ജമായിരുന്നു. ഹറമിലൊരുക്കിയ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസമായി. ചുട്ടുപൊട്ടുന്ന വെയിലും വെന്തുരുകുന്ന ചൂടും ഹറമിനകത്തും പുറത്തും തീര്‍ഥാടകര്‍ക്ക് വലിയ പ്രശ്നമായില്ല.

ഹറം ഇമാം ഡോ. ഫൈസല്‍ ഖസാവി ജുമുഅഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നല്‍കി. ഹജ്ജ് കര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ തീര്‍ഥാടകരെ അദ്ദേഹം ഉണര്‍ത്തി. ശാന്തിയും സമാധാനവും ഇസ്ലാമിന്റെ സുപ്രധാന ലക്ഷ്യവും മുഖ്യ താല്‍പര്യവുമാണ്. രാജ്യത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കുന്നതുകൊണ്ടാണ് സുരക്ഷിതമായി ഹജ്ജ് കര്‍മ്മങ്ങളില്‍ മുഴുകാന്‍ കഴിയുന്നത്. സമാധാനത്തിന്റെ പാത എല്ലാവരും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് വേളകളിലും മറ്റും അശാന്തിവിതക്കാന്‍ കാരണമാകുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് ഏറ്റവും വലിയ കുറ്റമാണ്. രാജ്യത്ത് കളിയാടുന്ന ശാന്തിയും സമാധാനവും ഇല്ലാതാക്കാനുള്ള ശ്രമം തീര്‍ഥാടകരോട് കാണിക്കുന്ന അതിക്രമമാണെന്നും അത്തരം ദുശ്ശക്തികളെ കരുതിയിരിക്കണമെന്നും ഹറം ഇമാം പറഞ്ഞു.

Related Tags :
Similar Posts