ഗള്‍ഫ് പ്രതിസന്ധി; താത്കാലിക ഒത്തുതീര്‍പ്പുകളല്ല ,ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ഖത്തർ വിദേശകാര്യ മന്ത്രി
|റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനൊപ്പം ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗള്‍ഫ് പ്രതിസന്ധിക്ക് താത്കാലിക ഒത്തുതീര്‍പ്പുകളല്ല ,ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ദോഹയില്‍ പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനൊപ്പം ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറും റഷ്യയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്ന പ്രഖ്യാപനമാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ നടന്നത് . ഗൾഫ് പ്രതിസന്ധി മൂന്ന് മാസത്തോടടുക്കവെ പരിഹാരശ്രമങ്ങൾ ഏത് ഭാഗത്ത് നിന്നായാലും സ്വാഗതം ചെയ്യുമെന്നും എന്നാൽ തൽക്കാലത്തേക്ക് ഓട്ടയടച്ച് കൊണ്ടുള്ള പരിഹാരമല്ല വേണ്ടതെന്നും ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു.
മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്ന തരത്തിലുള്ളതാകണം പരിഹാര രാജ്യത്തിെന്റെ പരമാധികാരമെന്നത് ഒരാളുടെ മുമ്പിലും അടിയറവെക്കാവുന്ന കാര്യമല്ല. രാജ്യത്തിന്റെ പരമാധികാരം ഉറപ്പുവരുത്തി മാത്രമേ ഏത് വിധത്തിലുള്ള ചർച്ചകൾക്കും തങ്ങൾ തയ്യാറാവുകയുളളൂവെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഗൾഫ് പ്രതിസന്ധി ജി.സി.സിക്കുള്ളിൽ തന്നെ പരിഹരിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കി . കുവൈത്തും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ നടത്തിവരുന്ന എല്ലാ മധ്യസ്ഥ ശ്രമങ്ങളെയും റഷ്യ പിന്തുണക്കുമെന്നും ലാവ്റോവ് അറിയിച്ചു.ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വാർത്താ സമ്മേളനം നടത്തിയത് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയിലും ജോർഡനിലും സന്ദർശനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കുവൈത്തും യു.എ.ഇയും സന്ദർശിച്ച ശേഷമാണ് റഷ്യൻ വിദേശകാര്യ മന്ത്രി ഖത്തറിലെത്തിയത്.