ടോമച്ചന്റെ മോചനത്തിന് വഴിയൊരുക്കിയതിന് സുല്‍ത്താന് നന്ദി പറഞ്ഞ് മലയാളികള്‍
|അപ്രതീക്ഷിതമായി വന്നെത്തിയ ഈ വാർത്ത ഏറെ സന്തോഷമുളവാക്കുന്നതാണെന്ന് പലരും പ്രതികരിച്ചു
ഫാദർ ടോമിന്റെ മോചനത്തിന് വഴിയൊരുക്കിയതിന് സുൽത്താൻ ഖാബൂസ് ബിൻ സഈദിനും ഒമാനും നന്ദി പറഞ്ഞ് മലയാളികൾ. അപ്രതീക്ഷിതമായി വന്നെത്തിയ ഈ വാർത്ത ഏറെ സന്തോഷമുളവാക്കുന്നതാണെന്ന് പലരും പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ സുൽത്താന്റെയും ഫാദർ ടോമിന്റെയും ചിത്രങ്ങൾ വെച്ചുള്ള നന്ദിസൂചക പോസ്റ്റുകൾ നിറയുകയാണ്.
ഒമാനിലെ സാമൂഹിക,സാംസ്കാരിക സംഘടനാ പ്രതിനിധികളും ക്രൈസ്തവ സഭകളുമായി ബന്ധമുള്ളവരുമെല്ലാം ഏറെ ആഹ്ലാദത്തോടെയാണ് മോചനവാർത്തയെ ശ്രവിച്ചത്. ഇന്ത്യ ഗവൺമെന്റ് അറച്ചുനിന്നിടത്താണ് ഒമാന്റെ ഇടപെടൽ. മുമ്പും തടവിലായവരെ മോചിപ്പിക്കാൻ ഒമാൻ മുൻകൈയെടുത്തിരുന്നു. ഇന്ത്യ ഒമാനോട് ഈ വിഷയത്തിൽ നേരത്തേ സഹായം ചോദിക്കേണ്ടതായിരുന്നു. ഒരുഘട്ടത്തിൽ ജീവനോടെയുണ്ടോയെന്ന് പോലും സംശയമുണർന്ന ഫാദറിന്റെ മോചനത്തിന് സുൽത്താന്റെ അതിശക്തവും മനുഷ്യത്വപരവുമായ ഇടപെടലാണ് വഴി ഒരുക്കിയത്. നേരത്തേ ഇറാനിലും നിന്നും യമനിൽ നിന്നും ആളുകളെ മോചിപ്പിക്കുന്നതിൽ ഒമാൻ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സമാധാനശ്രമങ്ങൾക്ക് ഒമാൻ എന്നും പ്രാധാന്യം നൽകിയതാണ് ഈ നേട്ടങ്ങൾക്ക് കാരണം. മോചനത്തിന്റെ ക്രെഡിറ്റ് ആർക്കാണെന്നതിനെ ചൊല്ലിയുള്ള വാക്ക്പോരും സാമൂഹിക മാധ്യമങ്ങളിൽ അരങ്ങുതകർക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ട്രോളുകളും വാട്ട്സ്ആപ്പ് മെസേജുകളുമായി പ്രവാസികൾക്ക് പുറമെ കേരളത്തിൽ നിന്നുള്ളവരും രംഗത്തുണ്ട്.