ഒമാനിൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ഊർജ്ജിത കർമപദ്ധതി
|ഡിസംബർ മുതലാകും പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമാവുക
ഒമാനിൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ഊർജ്ജിത കർമപദ്ധതി നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഡിസംബർ മുതലാകും പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമാവുക. ആദ്യഘട്ടത്തിൽ പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി സ്വദേശികൾക്ക് 25000 തൊഴിലുകൾ ഉറപ്പാക്കുമെന്ന് മന്ത്രി സഭാ കൗൺസിലിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സ്വദേശി യുവാക്കളുടെ കഴിവുകൾ വളർത്തിയെടുക്കാൻ അവസരമൊരുക്കുകയും അതുവഴി രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് ഓരോ യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും വേണമെന്നാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ദീർഘദർനമുള്ള കാഴ്ചപ്പാട്. ഇതിന്റെ ഭാഗമായാണ് സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വികസന പദ്ധതികൾ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തതെന്ന് മന്ത്രിസഭാ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ രാജ്യവും സമ്പദ്ഘടനയും നേരിടുന്ന വെല്ലുവിളികൾ ജനങ്ങൾ മനസിലാക്കുന്നുവെന്നത് അഭിനന്ദനാർഹമാണ്. ഒമാനികൾക്ക് ആകർഷകമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നത് ദേശീയ ഉത്തരവാദിത്വമായി കണ്ട് നടപ്പിലാക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ തയാറാകണം.സർക്കാരിന്റെ സ്വദേശിവത്കരണ നടപടികളുമായി സഹകരിക്കാത്ത കമ്പനികൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രിസഭാ കൗൺസിൽ ചൂണ്ടിക്കാട്ടി.