Gulf
ആണവോര്‍ജ്ജ പദ്ധതിക്ക് അമേരിക്ക തയ്യാറല്ലെങ്കില്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ലഭിക്കുമെന്ന് സൗദിആണവോര്‍ജ്ജ പദ്ധതിക്ക് അമേരിക്ക തയ്യാറല്ലെങ്കില്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ലഭിക്കുമെന്ന് സൗദി
Gulf

ആണവോര്‍ജ്ജ പദ്ധതിക്ക് അമേരിക്ക തയ്യാറല്ലെങ്കില്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ലഭിക്കുമെന്ന് സൗദി

Jaisy
|
23 May 2018 2:05 PM GMT

അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രസ്താവന

ആണവോര്‍ജ്ജ പദ്ധതിക്ക് അമേരിക്ക തയ്യാറല്ലെങ്കില്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ലഭിക്കുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി. അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രസ്താവന. ആണവോര്‍ജ്ജ സാങ്കേതിവിദ്യയാണ് സൗദിക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ആവശ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സമാധാന ആവശ്യത്തിന് ആണവോര്‍ജ്ജ പദ്ധതിയുമായി കരാര്‍ ഒപ്പുവെക്കാന്‍ അമേരിക്ക തയ്യാറല്ലെങ്കില്‍ മറ്റു രാജ്യങ്ങള്‍ സന്നദ്ധമാണെന്നാണ് സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ഊര്‍ജ്ജ മന്ത്രി റിക് ബെറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വിദേശ മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആണവോര്‍ജ്ജ സാങ്കേതിവിദ്യയാണ് സൗദിക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ആവശ്യമായിട്ടുള്ളത്.

ഊര്‍ജ്ജ ഉല്‍പാദനത്തിന് രണ്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കാനാണ് സൗദി ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ ഉയര്‍ന്നുവരുന്ന ഊര്‍ജ്ജ ആവശ്യത്തിന് പെട്രോളിനെ മാത്രം അവലംബിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം. എന്നാല്‍ പാകപ്പെടുത്തിയ യൂറേനിയം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ സൗദി ഉദ്ദേശിക്കുന്നില്ല. ആണവോര്‍ജ്ജ പദ്ധതിയില്‍ അമേരിക്ക ഒപ്പുവെക്കുന്നില്ലെങ്കില്‍ അതിന് സന്നദ്ധമായ രാജ്യങ്ങള്‍ സൗദിയുടെ മുന്നിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒന്നിലധികം രാജ്യങ്ങള്‍ സാങ്കേതിക രംഗത്ത് സൗദിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കരാറില്‍ നിന്ന് വിട്ടുനിന്നാല്‍ പദ്ധതിയില്‍ അമേരിക്കക്ക് സ്ഥാനമുണ്ടാവില്ലെന്നും അല്‍ഫാലിഹ് പറഞ്ഞു.

Similar Posts