വാറ്റ്; സൌദിയും യുഎഇയും സാമ്പത്തിക പരിഷ്കരണ രംഗത്ത് ശക്തമായ മുന്നേറ്റം നടത്തിയതായി ഐ.എം.എഫ്
|എണ്ണവില വർധനക്കൊപ്പം നികുതിഘടനയിലേക്കുള്ള ചുവടുവെപ്പും കൂടിയായതോടെ ശക്തമായ സാമ്പത്തിക മുന്നേറ്റം ഉറപ്പാക്കാൻ ഇരുകൂട്ടർക്കും കഴിയുമെന്നും ഐ.എംഎഫ് ചൂണ്ടിക്കാട്ടി
മൂല്യവർധിത നികുതി നടപ്പാക്കിയ സൗദി അറേബ്യയും യുഎഇയും സാമ്പത്തിക പരിഷ്കരണ രംഗത്ത് ശക്തമായ മുന്നേറ്റം നടത്തിയതായി ഐ.എം.എഫ് വിലയിരുത്തൽ. എണ്ണവില വർധനക്കൊപ്പം നികുതിഘടനയിലേക്കുള്ള ചുവടുവെപ്പും കൂടിയായതോടെ ശക്തമായ സാമ്പത്തിക മുന്നേറ്റം ഉറപ്പാക്കാൻ ഇരുകൂട്ടർക്കും കഴിയുമെന്നും ഐ.എംഎഫ് ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾക്കും സാധ്യത വർധിച്ചിരിക്കുകയാണ്.
മൂല്യവർധിത നികുതി നടപ്പാക്കാൻ തയാറായത് സമ്പദ് ഘടനക്ക് വലിയ തോതിൽ കരുത്തായി മാറും. യു.എ.ഇ നേരത്തെ തന്നെ പരിഷ്കരണ മാർഗത്തിലാണ്. എന്നാൽ സൗദി ഇപ്പോൾ കൈക്കൊണ്ട പരിഷ്കരണ നടപടികൾ മേഖലയിലെ ഏറ്റവും മികച്ച സമ്പദ് ഘടനക്ക് നൽകുന്ന ഉത്തേജനം ചെറുതായിരിക്കില്ലെന്ന് ഐ.എം.എഫ് മാനേജിങ്ങ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാർദെ പറഞ്ഞു. കഴിഞ്ഞ ദിവസം വാഷിങ്ങ്ടണിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമയി നടത്തിയ ചർച്ചക്കിടെയാണ് അവർ ഈ അഭിപ്രായപ്രകടനം നടത്തിയത്. നടപ്പുവർഷം മുതൽ പുതിയ പരിഷ്കരണ നപടികളുടെ ഗുഗണഫലം സൗദിക്ക് ലഭിച്ചു തുടങ്ങും എന്നാണ് ഐ.എം.എഫ് കണ്ടെത്തൽ. സൗദി അറേബ്യ, യു.എ.ഇ എന്നിവ സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ജനുവരിയിൽ തന്നെ ഐ.എം.എഫ് വ്യക്തമാക്കിയിരുന്നു. എണ്ണവില ബാരലിന് 70 ഡോളർ എത്തിയതും മൂല്യവർധിത നികുതി ഉൾപ്പെടെയുള്ള പരിഷ്കരണ നടപടികളും സമ്പദ് ഘടനക്ക് നൽകുന്ന പ്രചോദനം ചെറുതായിരിക്കില്ല. എണ്ണമേഖലയിൽ പുതിയ നിക്ഷേപം സ്വീകരിക്കാനുള്ള സൌദി, യു.ഇ തീരുമാനവും ഐ.എം.എഫ് സ്വാഗതം ചെയ്തിട്ടുണ്ട്.