Gulf
Gulf

ഈദുള്‍ ഫിതര്‍ ആഘോഷിച്ച് ഗള്‍ഫ് 

admin
|
23 May 2018 10:34 AM GMT

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഇമാം ശൈഖ് സാലിഹ് അല്‍ ഹുമൈദും മദീനയിലെ മസ്ജിദുന്നബവിയില്‍ ഇമാം ശൈഖ് ഹുദൈഫിയും

ഗള്‍ഫിലും വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത് ര്‍ ആഘോഷിക്കുകയാണ്. മക്ക, മദീന ഹറമുകളില്‍ ഉള്‍പ്പെടെ വിവിധ പള്ളികളിലും പ്രത്യേകം തയ്യാക്കിയ ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്.

മുപ്പത് നാള്‍ നീണ്ട വ്രതത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധിയും ക്ഷമയും സഹനവും കൈമുതലാക്കിയ ആഘോഷങ്ങളിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസി ലക്ഷങ്ങള്‍. പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ ഒറ്റക്കും കുടുംബ സമേതവും പള്ളികളിലും ഈദ്ഗാഹുകളിലും ഒരുക്കിയ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെ‌ടുക്കാനെത്തിയിരുന്നു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഇമാം ശൈഖ് സാലിഹ് അല്‍ ഹുമൈദും മദീനയിലെ മസ്ജിദുന്നബവിയില്‍ ഇമാം ശൈഖ് ഹുദൈഫിയും നേതൃത്വം നല്‍കി. ലോകത്ത് എവിടെയും ഏത് സമുഹത്തിനും എപ്പോഴും ഭീഷണിയായി മാറിയ തീവ്രവാദ ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് മക്ക ഇമാം പറഞ്ഞു. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് അ‌ടക്കമുള്ള പ്രമുഖര്‍ മക്കയില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തു. ഈദുഗാഹുകളില്‍ ഒത്തുചേര്‍ന്ന വിശ്വാസികള്‍ സാഹോദര്യത്തിന്റെയും സന്തോഷ, സമൃദ്ദിയുടെയും ആശംസകള്‍ നേര്‍ന്നുകൊണ്ടും തക്ബീര്‍ മുഴക്കിക്കൊണ്ടും പരസ്പരം ആശ്ലേഷിച്ച് ആശംസകള്‍ കൈമാറുകയും ചെയ്തു.

ഫ്ലാറ്റുകളിലും വില്ലകളിലും ഒത്തുചേര്‍ന്ന് കുടുംബങ്ങള്‍ ഈദിന്‍റെ മധുരം പങ്കുവെക്കുകയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ഥ ആഘോഷങ്ങളാണ് പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

Similar Posts