ദുബൈയില്‍ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് വിലക്കാന്‍ സാധ്യത
|റോഡിലെ തിരക്ക് കുറക്കുന്നതിന് ഇതടക്കം വിവിധ നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലാണെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സൂചന നല്കി
ദുബൈയില്‍ വിവിധ തൊഴില്‍ വിഭാഗത്തിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് വിലക്കാന്‍ സാധ്യത. റോഡിലെ തിരക്ക് കുറക്കുന്നതിന് ഇതടക്കം വിവിധ നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലാണെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സൂചന നല്കി.
പ്രവര്‍ത്തി ദിവസങ്ങളില്‍ ദുബൈയിലെ റോഡുകളില്‍ അനുഭവപ്പെടുന്ന കടുത്ത ഗതാഗതകുരുക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമാണ് ആര് ടി എ പ്രവാസികളിലെ ചില തൊഴില്‍വിഭാഗങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കാന്‍ ആലോചിക്കുന്നത്. ഇതോടൊപ്പം പഴയ വാഹനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലാണ്. വാഹനങ്ങളുടെ എഞ്ചിന് ശേഷി, വാര്‍ഷിക ഇന്ധന ഉപഭോഗം, വര്‍ഷം എത്ര ദൂരം യാത്ര ചെയ്തു എന്നിവ കൂടി കണക്കിലെടുത്ത് രജിസ്ട്രേഷന് ഫീസ് നിശ്ചയിക്കണമെന്ന നിര്‍ദേശവും ആര് ടി എയുടെ പരിഗണനയിലുണ്ട്. അതേസമയം, പരിസ്ഥിതി സൗഹൃദവാഹനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കും. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആനുകൂല്യം നല്കുന്ന കാര്യം ഫെഡറല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം ഓഫിസ് സമയം, സ്കൂള്‍ സമയം എന്നിവ മാറ്റുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു അറബ് ദിനപത്രത്തിന് അയച്ച കുറിപ്പിലാണ് ആര് ടി എ ഇക്കാര്യം അറിയിച്ചത്.