കമോൺ കേരളക്ക് ഇനി രണ്ടു നാളുകള്‍ കൂടി
|ഗൾഫ്- ഇന്ത്യ സൗഹൃദം ശക്തമായ കാലത്ത് ഇത്തരമൊരു മേളക്ക് പ്രസക്തി ഏറെയാണെന്ന് പ്രമുഖർ അഭിപ്രായപ്പെട്ടു
കമോൺ കേരള ഇൻഡോ അറബ് വ്യാപാര സാംസ്കാരിക സൗഹൃദ സംഗമത്തിന് ഇനി രണ്ടു നാളുകൾ കൂടി. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ഗൾഫ്- ഇന്ത്യ സൗഹൃദം ശക്തമായ കാലത്ത് ഇത്തരമൊരു മേളക്ക് പ്രസക്തി ഏറെയാണെന്ന് പ്രമുഖർ അഭിപ്രായപ്പെട്ടു.
'കമോൺ കേരള' എന്ന പേരിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന മേളക്ക് ഷാർജ എക്സ്പോ സെന്റർ ഒരുങ്ങുകയാണ്. വ്യാഴാഴ്ച രാവിലെ പതിനൊന്നിന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസ്മിയാണ് മേളയുടെ ഉദ്ഘാടനം നിർവഹിക്കുക. ഇന്ത്യയുടെ വൈവിധ്യം യു.എ.ഇ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനും സാംസ്കാരികവും വാണിജ്യവുമായ നിക്ഷേപങ്ങൾ സാധ്യമാക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം സംബന്ധിക്കും.
ഗൾഫ് മേഖലയിലെ ശക്തമായ സാന്നിധ്യമായ ഗൾഫ് മാധ്യമത്തിന് കമോൺ കേരള പോലൊരു ആശയത്തെ ശരിയായ അർഥത്തിൽ പ്രയോഗവത്കരിക്കാനും വിജയത്തിലെത്തിക്കാനും കഴിയുമെന്ന് പ്രമുഖ വ്യവസായിയും മൈത്ര ഹോസ്പിറ്റൽ ബോർഡ് ചെയർമാന്‍ ഫൈസൽ ഇ കൊട്ടിക്കൊളൻ അഭിപ്രായപ്പെട്ടു. പ്രവാസികൾ എന്നും മനസിൽ സൂക്ഷിക്കുന്ന നൻമയും പച്ചപ്പും നിറഞ്ഞ കേരളത്തിന്റെ തനതു കാഴ്ചകൾ പുനസൃഷ്ടിച്ചാണ് എക്സ്പോ സെന്ററിൽ വേദി ഒരുങ്ങുന്നത്. കേരളത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ഭക്ഷ്യവിഭവങ്ങൾ ഉൾക്കൊള്ളുന്ന തെരുവും ഇവിടെയുണ്ടാവും.