കമോൺ കേരളയെ പ്രതീക്ഷാപൂർവം ഉറ്റുനോക്കി ബിസിനസ് രംഗത്തെ പ്രമുഖർ
|കേരളത്തിന്റെ സാധ്യതകൾ അറബ് ലോകത്തിനു പരിചയപ്പെടുത്തുന്ന ഏറ്റവും വിപുലമായ മേളയെന്ന പ്രത്യേകത കൂടിയുണ്ട് 'കമോൺ കേരള'ക്ക്.
കേരളത്തെ തനതു രീതിയിൽ പുനരാവിഷ്കരിക്കുന്ന ഗൾഫ് മാധ്യമം 'കമോൺ കേരള' മേളയെ പ്രതീക്ഷാപൂർവം ഉറ്റുനോക്കുകയാണ് ബിസിനസ് രംഗത്തെ പ്രമുഖർ. കേരളത്തിന്റെ സാധ്യതകൾ അറബ് ലോകത്തിനു പരിചയപ്പെടുത്തുന്ന ഏറ്റവും വിപുലമായ മേളയെന്ന പ്രത്യേകത കൂടിയുണ്ട് 'കമോൺ കേരള'ക്ക്. വിപണന മേള, സംരംഭകത്വ ശിൽപശാല, ബിസിനസ് കോൺക്ലേവ്, ഭക്ഷണത്തെരുവുകൾ, കലാസാംസ്കാരിക പ്രകടനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് 'കമോൺ കേരള' ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായ ലോകം താൽപര്യപൂർവമാണ് മേളയെ ഉറ്റുനോക്കുന്നത്.
പ്രഥമ ഇൻഡോ അറബ് വിമൺ എൻട്രപ്രണർഷിപ്പ് അവാർഡ്, മലയാളി ജീനിയസ് പുരസ്കാരം എന്നിവയും മേളയോടനുബന്ധിച്ച് വിതരണം ചെയ്യും. ശൈഖ അംന, റഷ ദൻഹാനി, ഷഫീനയൂസുഫലി എന്നിവരാണ് വനിതാ സംരംഭക പുരസ്കാര ജേതാക്കൾ.ഡോ. റീന, ലിസ മായിൻ എന്നിവർക്കാണ് മികച്ച മലയാളി സംരംഭകർക്കുള്ള പുരസ്കാരം. ഷാർജ ചേംബർ ഒഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ കൂടി പങ്കാളിത്തത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി നൂറുകണക്കിന് വാണിജ്യ സാംസ്കാരിക പ്രമുഖരും സ്ഥാപനങ്ങളും കൈകോർക്കുന്നുണ്ട്. കുടുംബശ്രീ ഉൾപ്പെടെ കേരളത്തിന്റെ ജനപ്രിയ സംരംഭങ്ങൾക്ക് ലഭിക്കുന്ന ആദ്യ ആഗോള വേദികൂടിയാകുമിത്.