കുവൈത്തില്‍ ഡിഎന്‍എ ഡാറ്റാബാങ്ക് നിയമവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വിരാമം
|പൊതു ജനങ്ങളുടെ ജനിതക മാതൃകകള്‍ പരിശോധിക്കില്ലെന്ന് ഭരണാധികാരിയുടെ ഉറപ്പ്
കുവൈത്തില്‍ ഡിഎന്‍എ ഡാറ്റാബാങ്ക് നിയമവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വിരാമം. പൊതു ജനങ്ങളുടെ ജനിതക മാതൃകകള്‍ പരിശോധിക്കില്ലെന്ന് ഭരണാധികാരിയുടെ ഉറപ്പ്. അല്‍ ജരീദ ദിനപത്രവുമായുള്ള അഭിമുഖത്തിലാണ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് നയം വ്യക്തമാക്കിയത്.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വെച്ച ഡിഎന്‍എ ഡാറ്റാബാങ്ക് എന്ന ആശയം കഴിഞ്ഞ വര്‍ഷം ജൂലായിലാണ് നിയമമായത്. ഷിയാപള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയമ നിര്‍മാണം.
രാജ്യത്തു താമസിക്കുന്നവരും സന്ദര്‍ശകരും ഉള്‍പ്പെടെ മുഴുവന്‍ ആളുകളും ഡി എന്‍ എ സാമ്പിള്‍ നല്‍കണം എന്ന നിയമം അന്താരാഷ്ട്രതലത്തില്‍ ഏറെ വിമര്‍ശങ്ങള്‍ക്കു കാരണമായിരുന്നു. ജനങ്ങളും അന്താരാഷ്ട്ര സംഘടനകളും ആശങ്ക അറിയിച്ച സാഹചര്യത്തില്‍ നിയമം പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞമാസം അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് പ്രധാനമന്ത്രിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പൗരന്മാരടെ സ്വകാര്യതയും മനുഷ്യാവകാശവും സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ പരിഗണിച്ചാകും നിയമം പുനര്‍ നിര്‍ണയിക്കുകയെന്നു ആഭ്യന്തരമന്ത്രി സഹിഖ് മുഹമ്മദ് ഖാലിദ് അല്‍ സബാഹ് സൂചിപ്പിച്ചിരുന്നു.
സാധാരണ പൗരന്മാരുടെ ജനിതക വിവരങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കില്ലെന്നും കുറ്റവാളിളെ മാത്രമാണ് പരിശോധനക്ക് വിധേയമാക്കുക എന്നും അമീര്‍ വ്യക്തമാക്കിയതോടെ സ്വദേശികളിലും പ്രവാസി സമൂഹത്തിലും നിലനിന്നിരുന്ന ആശങ്കക്കാണ് വിരാമമായിരിക്കുന്നത്.