Gulf
ഇന്ത്യൻ വീട്ടുജോലിക്കാരുടെ വിദേശ റിക്രൂട്ട്മെന്റിന്​ ആറു ഏജൻസികൾക്ക്​ മാത്രം അനുമതിഇന്ത്യൻ വീട്ടുജോലിക്കാരുടെ വിദേശ റിക്രൂട്ട്മെന്റിന്​ ആറു ഏജൻസികൾക്ക്​ മാത്രം അനുമതി
Gulf

ഇന്ത്യൻ വീട്ടുജോലിക്കാരുടെ വിദേശ റിക്രൂട്ട്മെന്റിന്​ ആറു ഏജൻസികൾക്ക്​ മാത്രം അനുമതി

Jaisy
|
25 May 2018 3:01 PM GMT

വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന്​ അനുമതിയുള്ള ആറ്​ സ്ഥാപനങ്ങളിൽ നാലെണ്ണം മാത്രമാണ്​ കേരളത്തിൽ നിന്നുള്ളത്

ഇന്ത്യൻ വീട്ടുജോലിക്കാരുടെ വിദേശ റിക്രൂട്ട്മെന്റിന്​ ആറു ഏജൻസികൾക്ക്​ മാത്രമാണ്​ അനുമതിയുള്ളതെന്ന്​ മസ്കത്തിലെ ഇന്ത്യൻ എംബസി . വീട്ടുജോലി ഉൾപ്പെടെ വിദേശത്തേക്കുള്ള മുഴുവൻ റിക്രൂട്ട്മെന്റുകളിലും സുതാര്യത ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ 2015 മുതൽ E-MIGRATE സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്​. ഇതടക്കം മുഴുവൻ നിബന്ധനകളും തൊഴിൽ ദാതാക്കളും തൊഴിൽ അന്വേഷകരും പാലിക്കണമെന്നും മസ്കത്ത്​ ഇന്ത്യൻ എംബസി നിര്‍‌ദേശിച്ചു.

വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന്​ അനുമതിയുള്ള ആറ്​ സ്ഥാപനങ്ങളിൽ നാലെണ്ണം മാത്രമാണ്​ കേരളത്തിൽ നിന്നുള്ളത്​. നോർക്ക റൂട്ട്സ്​ കേരളയും ഓവർസീസ്​ ഡെവലപ്മെന്റ്​ എംപ്ലോയ്മെന്റ്​ പ്രൊമോഷൻ കൺസൾട്ടൻസ്​ കേരളയുമാണ്​ അവ. ഓവർസീസ്​ മാൻപവർ കോർപറേഷൻ ലിമിറ്റഡ്​ ചെന്നൈ, ഉത്തർപ്രദേശ്​ ഫൈനാൻഷ്യൽ കോർപറേഷൻ, ഓവർസീസ്​ മാൻപവർ കമ്പനി ആന്ധ്രാപ്രദേശ്​ ലിമിറ്റഡ്​, തെലങ്കാന ഓവർസീസ്​ മാൻപവർ കമ്പനി എന്നിവയാണ്​ മറ്റ്​ സ്ഥാപനങ്ങൾ. 1100 റിയാലിന്റെ ബാങ്ക്​ ഗ്യാരണ്ടി നൽകണമെന്നതായിരുന്നു ഇ മൈഗ്രേറ്റ്​ സംവിധാനത്തിലൂടെയുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിൽ നിന്ന്​ തൊഴിൽദാതാക്കളെ പിന്നാക്കം വലിച്ചിരുന്നത്​. ഇത്​ കണക്കിലെടുത്ത്​ അനുവദനീയമായ ആറ്​ ഏജൻസികളിൽ നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന്​ ഗ്യാരണ്ടി തുക നൽകേണ്ടതില്ലെന്നും എംബസി അറിയിച്ചു. മറ്റ്​ ഏജൻസികൾ മുഖേന റിക്രൂട്ട്മെന്റുകൾ നടത്തുന്നവർ ബാങ്ക്​ ഗ്യാരണ്ടിയും ഇന്ത്യൻ എംബസിയിൽ നിന്നുള്ള എൻ.ഒ.സിയും ഹാജരാക്കണം. www.emigrate.gov.in എന്ന വെബ്​സൈറ്റ്​ മുഖേനയാണ്​ വീട്ടുജോലിക്കാരെ റിക്രൂട്ട്മെന്റ്​ നടത്താൻ പാടുള്ളൂ. അല്ലാത്ത രീതിയിലുള്ള എല്ലാത്തരം റിക്രൂട്ട്മെന്റുകളും ഇന്ത്യൻ നിയമങ്ങൾക്ക്​ എതിരാണെന്നും എംബസി മുന്നറിയിപ്പ്​ നൽകി.

Related Tags :
Similar Posts