ഇന്ത്യൻ വീട്ടുജോലിക്കാരുടെ വിദേശ റിക്രൂട്ട്മെന്റിന് ആറു ഏജൻസികൾക്ക് മാത്രം അനുമതി
|വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന് അനുമതിയുള്ള ആറ് സ്ഥാപനങ്ങളിൽ നാലെണ്ണം മാത്രമാണ് കേരളത്തിൽ നിന്നുള്ളത്
ഇന്ത്യൻ വീട്ടുജോലിക്കാരുടെ വിദേശ റിക്രൂട്ട്മെന്റിന് ആറു ഏജൻസികൾക്ക് മാത്രമാണ് അനുമതിയുള്ളതെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി . വീട്ടുജോലി ഉൾപ്പെടെ വിദേശത്തേക്കുള്ള മുഴുവൻ റിക്രൂട്ട്മെന്റുകളിലും സുതാര്യത ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ 2015 മുതൽ E-MIGRATE സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതടക്കം മുഴുവൻ നിബന്ധനകളും തൊഴിൽ ദാതാക്കളും തൊഴിൽ അന്വേഷകരും പാലിക്കണമെന്നും മസ്കത്ത് ഇന്ത്യൻ എംബസി നിര്ദേശിച്ചു.
വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന് അനുമതിയുള്ള ആറ് സ്ഥാപനങ്ങളിൽ നാലെണ്ണം മാത്രമാണ് കേരളത്തിൽ നിന്നുള്ളത്. നോർക്ക റൂട്ട്സ് കേരളയും ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് കേരളയുമാണ് അവ. ഓവർസീസ് മാൻപവർ കോർപറേഷൻ ലിമിറ്റഡ് ചെന്നൈ, ഉത്തർപ്രദേശ് ഫൈനാൻഷ്യൽ കോർപറേഷൻ, ഓവർസീസ് മാൻപവർ കമ്പനി ആന്ധ്രാപ്രദേശ് ലിമിറ്റഡ്, തെലങ്കാന ഓവർസീസ് മാൻപവർ കമ്പനി എന്നിവയാണ് മറ്റ് സ്ഥാപനങ്ങൾ. 1100 റിയാലിന്റെ ബാങ്ക് ഗ്യാരണ്ടി നൽകണമെന്നതായിരുന്നു ഇ മൈഗ്രേറ്റ് സംവിധാനത്തിലൂടെയുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിൽ നിന്ന് തൊഴിൽദാതാക്കളെ പിന്നാക്കം വലിച്ചിരുന്നത്. ഇത് കണക്കിലെടുത്ത് അനുവദനീയമായ ആറ് ഏജൻസികളിൽ നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന് ഗ്യാരണ്ടി തുക നൽകേണ്ടതില്ലെന്നും എംബസി അറിയിച്ചു. മറ്റ് ഏജൻസികൾ മുഖേന റിക്രൂട്ട്മെന്റുകൾ നടത്തുന്നവർ ബാങ്ക് ഗ്യാരണ്ടിയും ഇന്ത്യൻ എംബസിയിൽ നിന്നുള്ള എൻ.ഒ.സിയും ഹാജരാക്കണം. www.emigrate.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് വീട്ടുജോലിക്കാരെ റിക്രൂട്ട്മെന്റ് നടത്താൻ പാടുള്ളൂ. അല്ലാത്ത രീതിയിലുള്ള എല്ലാത്തരം റിക്രൂട്ട്മെന്റുകളും ഇന്ത്യൻ നിയമങ്ങൾക്ക് എതിരാണെന്നും എംബസി മുന്നറിയിപ്പ് നൽകി.