കമോൺ കേരള വാണിജ്യ സാംസ്കാരിക നിക്ഷേപ മേളക്ക് ഇന്ന് കൊടിയേറ്റം
|യു.എ.ഇ സുപ്രിംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തിലാണ് മേള
ഇൻഡോ അറബ് സൗഹൃദ ചരിത്രത്തിൽ തിളക്കമാർന്ന പുത്തനധ്യായങ്ങൾ രചിക്കാനൊരുങ്ങി കമോൺ കേരള വാണിജ്യ സാംസ്കാരിക നിക്ഷേപ മേളക്ക് ഇന്ന് കൊടിയേറ്റം. യു.എ.ഇ സുപ്രിംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തിലാണ് മേള.
ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന മേളക്ക് ഷാർജ എക്സ്പോ സെന്ററാണ് ആതിഥ്യമരുളുക. കേരളത്തിന്റെ ഗ്രാമീണ കാഴ്ചകൾ പുനസൃഷ്ടിച്ച് തയ്യാറാക്കിയ വേദിയിൽ മൂന്നു ദിവസം നീളുന്ന കമോൺ കേരള ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വ്യാപാരമേള കൂടിയാണ്. വ്യാഴാഴ്ച രാവിലെ 11ന് ഷാർജ ഭരണാധികാരി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, ഷാർജ രാജകുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും. ഗൾഫ്മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ് ആമുഖ പ്രഭാഷണം നടത്തും. മാധ്യമം-മീഡിയാവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദു റഹ്മാൻ കമോൺ കേരള പരിപാടി വിശദീകരിക്കും.
ബിസിനസ് കോൺക്ലേവിന്റെ ഉദ്ഘാടനം വ്യവസായ പ്രമുഖനും പി.എം.ഫൗണ്ടേഷൻ സ്ഥാപകനുമായ ഗൾഫാർ പി. മുഹമ്മദലി നിർവഹിക്കും. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്,മീഡിയാവൺ ഡയറക്ടർമാരായ വി.പി. അബൂബക്കർ, ഡോ. അഹ്മദ്, കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ രാജേഷ് കല്യാണ രാമൻ, മെയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ കെ.ഇ.മൊയ്തു എന്നിവർ സംബന്ധിക്കും.