Gulf
ഗൾഫ്​ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ നീക്കവുമായി അമേരിക്ക വീണ്ടും രംഗത്ത്​ഗൾഫ്​ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ നീക്കവുമായി അമേരിക്ക വീണ്ടും രംഗത്ത്​
Gulf

ഗൾഫ്​ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ നീക്കവുമായി അമേരിക്ക വീണ്ടും രംഗത്ത്​

Jaisy
|
25 May 2018 5:40 AM GMT

സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി അധികം വൈകാതെ യു.എസ്​ പ്രസിഡന്റ് ഡൊണാൾഡ്​ ട്രംപ്​ ചർച്ച നടത്തും

എട്ടു മാസത്തിലേറെയായി തുടരുന്ന ഗൾഫ്​ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ നീക്കവുമായി അമേരിക്ക വീണ്ടും രംഗത്ത്​. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി അധികം വൈകാതെ യു.എസ്​ പ്രസിഡന്റ് ഡൊണാൾഡ്​ ട്രംപ്​ ചർച്ച നടത്തും. എന്നാൽ നിലപാടിൽ മാറ്റം വരുത്താൻ ഖത്തർ ഇനിയും തയാറായിട്ടില്ലെന്ന്​ സൗദി വിദേശകാര്യ മന്ത്രി ബ്രസൽസിൽ വ്യക്​തമാക്കി.

പോയ വർഷം ജൂൺ അഞ്ചു മുതലാണ്​ ഖത്തറുമായുള്ള എല്ലാ ബന്​ധങ്ങളും വിച്ഛേദിക്കുന്നതായി സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത്​ എന്നീ നാലു രാജ്യങ്ങൾ അറിയിച്ചത്​. കുവൈത്ത്​ അമീറിന്റെയും യു.എസ്​ പ്രസിഡന്റിന്റെയും നേതൃത്വത്തിൽ നടന്ന സമവായ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ​ഐ.എസ്​ വിരുദ്ധ പോരാട്ടം, ഇറാൻ വിരുദ്ധ നയം എന്നിവ വിജയിക്കണമെങ്കിൽ ജി.സി.സി കൂട്ടായ്​മ അനിവാര്യമാണെന്ന്​ അമേരിക്ക വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്​ മധ്യസ്ഥനീക്കം വീണ്ടും ശക്തമാകുന്നത്​. മാർച്ച്​, ഏപ്രിൽ മാസങ്ങളിലാകും ട്രംപ്​ ജി.സി.സി നേതാക്കളുമായി ചർച്ച നടത്തുക. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, സൗദി കിരീടാവകാശി പ്രിൻസ്​ മുഹമ്മദ്​ ബിൻ സൽമാൻ, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി എന്നിവരുമായാകും ചർച്ച നടത്തുകയെന്ന്​ യു.എസ്​ ഉദ്യോഗസ്​ഥർ വ്യക്​തമാക്കി.

പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട്​ ജി.സി.സി പ്രത്യേക ഉച്ചകോടിയെന്ന നിർദേശവും അമേരിക്ക മുന്നോട്ടു വെക്കുമെന്നാണ്​ റിപ്പോർട്ട്​. പശ്ചിമേഷ്യൻ സമാധാന പദ്ധതി, ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ എന്നിവയും ഗൾഫ്​ സഹകരണത്തോടെയല്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ അമേരിക്കക്ക്​ സാധിക്കില്ല. ഇറാൻ മേഖലയിൽ നടത്തുന്ന ഇടപെടലിനെതിരെ ശക്​തമായ നടപടി വേണമെന്ന്​ സൗദി അനുകൂല രാജ്യങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യം പ്രയോജനപ്പെടുത്താനാകും യു.എസ്​ നീക്കം. എന്നാൽ തീവ്രവാദവുമായി സന്​ധി ചെയ്യുന്ന നിലപാടിൽ നിന്ന്​ ഖത്തർ പിൻവാങ്ങാതെ പ്രതിസന്ധി പരിഹാരം എളുപ്പമല്ലെന്ന്​ സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജൂബൈർ ബ്രസൽസിൽ വ്യക്​തമാക്കി.

Related Tags :
Similar Posts