യുഎഇയില്‍ കബാലിക്ക് വന്‍വരവേല്‍പ്പ്
|ഇന്നലെ വൈകീട്ട് യുഎഇയില്‍ റിലീസ് ചെയ്ത ചിത്രം പക്ഷെ, ആസ്വാദകരില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്.
രജനീകാന്തിന്റെ 'കബാലി'ക്ക് യുഎഇയില്‍ വന്‍വരവേല്‍പ്പ്. ഇന്നലെ വൈകീട്ട് യുഎഇയില്‍ റിലീസ് ചെയ്ത ചിത്രം പക്ഷെ, ആസ്വാദകരില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്.
ദുബൈയിലെ തിയറ്ററുകളില്‍ ആദ്യഷോ കാണാന്‍ സിനിമാ ആസ്വാദകര്‍ ഇരച്ചുകയറുകയായിരുന്നു. രജനീകാന്തിന്റെ ആസ്വാദകരാകട്ടെ, തിയറ്ററുകളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചു. രജനിയുടെ ചിത്രം പതിച്ച ടീഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു സിനിമ ആരംഭിക്കും മുമ്പെ യുവാക്കളുടെ ആനന്ദ നൃത്തം. ദേര സിറ്റി സെന്റര്‍ വോക്സ് സിനിമയില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിന് മറ്റൊരു പുതുമ കൂടിയുണ്ടായിരുന്നു. 'കബാലി' സിനിമയിലെ 'ഞെരിപ്പെടേ' ഗാനം ആലപിച്ച അരുണ്‍ രാജ് കാമരാജിന്റെ സാന്നിധ്യമായിരുന്നു അത്. ഏറെ ജനകീയമായ തന്റെ തന്നെ ഈരടികള്‍ അരുണ്‍ രാജ് ആലപിച്ചപ്പോള്‍ സദസ് ഇളകി മറിഞ്ഞു. സ്റ്റൈലന്‍ മന്നന്റെ ഹിറ്റായ ഗാനങ്ങളുടെ നൃത്താവിഷ്കാരവും തിയറ്ററില്‍ അരങ്ങേറി. രജനീകാന്തിന്റെ ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടെങ്കിലും സാധാരണ ആക്ഷന്‍ ത്രില്ലര്‍ സിനിമക്കപ്പുറമൊന്നും കബാലിക്ക് നല്‍കാനായില്ലെന്ന പരാതിയാണ് മറ്റുള്ളവര്‍ക്ക്. ഇതൊന്നും പക്ഷെ, യുഎഇയിലും കബാലിയുടെ കലക്ഷനെ ബാധിക്കാനിടയില്ല. നഗരത്തില്‍ അടുത്ത ഏതാനും ദിവസത്തേക്ക് കബാലി ഓണ്‍ലൈന്‍ വഴി ഹൗസ്ഫുള്ളായി കഴിഞ്ഞു. ആദ്യ ആഴ്ചയിലെ 400 പ്രദര്‍ശനങ്ങള്‍ക്കുള്ള ഒരു ലക്ഷം ടിക്കറ്റുകളാണ് ഇതിനകം മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്നത്. മറ്റൊരു ഇന്ത്യന്‍ സിനിമക്കും ലഭിക്കാത്ത റിക്കാര്‍ഡാണിത്. അറബ് ലോകത്ത് മറ്റൊരു ഇന്ത്യന്‍ താരത്തിനും കഴിയാത്ത ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് ന്യായമായും സ്റ്റൈല്‍ മന്നന്‍ അവകാശപ്പെടാം.