സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം
|തൊഴില്‍ മന്ത്രാലയത്തിന്റെ മഅന്‍ എന്ന ആപ്ലിക്കേഷന്‍ വഴിയാണ് പൊതുജനങ്ങള്‍ തൊഴില്‍ മന്ത്രാലയത്തെ വിവരം അറിയിക്കേണ്ടത്.
സൗദി അറേബ്യയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പിഴയുടെ 10 ശതമാനം പാരിതോഷികം നല്കാന് തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. തൊഴില്‍ വകുപ്പ് മന്ത്രി ഡോ.മുഫറ്രജ് അല്‍ ഹഖബാനിയുടേതാണ് തീരുമാനം.
തൊഴില്‍ മന്ത്രാലയത്തിന്റെ മഅന്‍ എന്ന ആപ്ലിക്കേഷന്‍ വഴിയാണ് പൊതുജനങ്ങള്‍ തൊഴില്‍ മന്ത്രാലയത്തെ വിവരം അറിയിക്കേണ്ടത്. സ്മാര്‍ട്ട് ഫോണുകളില്‍ ഈ ആപ് ഉപയോഗിക്കാവുന്നതാണ്. നിയമലംഘനം തടയലും സമൂഹത്തെ ഈ സംരംഭത്തില്‍ പങ്കാളികളാക്കലുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. തൊഴില്‍ വിപണിയില്‍ വ്യാപകമായുള്ള ആറ് നിയമലംഘനങ്ങള്‍ അറിയിക്കാനാണ് ഇപ്പോള്‍ ആപില്‍ സംവിധാനമുള്ളത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും.
വിസക്കച്ചവടം, ഇടനിലക്കാര്‍, സൂര്യന് താഴെ മധ്യവേനലില്‍ ജോലി ചെയ്യിക്കല്‍, തന്റെ കീഴിലല്ലാത്ത സ്വദേശികളെ തൊഴിലാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തല്‍, സ്വദേശികള്‍ക്ക് സംവരണം ചെയ്ത് ജോലിയില്‍ വിദേശികളെ നിയമിക്കല്‍, സ്ത്രീകള്‍ക്കുള്ള തൊഴിലില്‍ പുരുഷന്മാര് ജോലിയെടുക്കല്, മന്ത്രാലയത്തിന്റെ ലൈസന്‍സ് കൂടാതെ റിക്രൂട്ടിങ് നടത്തുക, അതിന് മധ്യസ്ഥത വഹിക്കുക എന്നിവയാണ് നിലവില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങിന് സാധിക്കുന്ന നിയമലംഘനങ്ങളെന്ന് മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.