ഖത്തര്‍ പെട്രോളിയം ഗ്യാസ് ഉത്പാദനം വര്‍ധിപ്പിക്കുന്നു
|അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്നുള്ള വ്യാപാര പുരോഗതിയാണ് ഖത്തര്‍ ഉത്പാദന വര്‍ധനവിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തര്‍ പെട്രോളിയം നോര്‍ത്ത് ഫീല്‍ഡ് ഗ്യാസ് ഉത്പാദനം വര്‍ധിപ്പിക്കുന്നു. വാര്‍ഷിക ഉത്പാദനം 30 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡണ്ടും സി.ഇ.ഒയുമായ സഅദ് ശരീദ അല്‍കാബി ക്യൂ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്നുള്ള വ്യാപാര പുരോഗതിയാണ് ഖത്തര്‍ ഉത്പാദന വര്‍ധനവിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ നിലിവിലെ ഉപരോധം ഏതെങ്കിലും തരത്തില്‍ ഇത്തരം നീക്കങ്ങളെ ബാധിക്കുകയാണെങ്കിലും ഉത്പാദന വര്‍ധനവുമായി മുന്നോട്ട് പോകുമെന്നും അവ കൈകാര്യം ചെയ്യാന്‍ ഖത്തറിന് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി വാതകത്തിന്റെ നിലവിലെ വാര്‍ഷിക ഉത്പാദന തോതായ 77 മില്യണ്‍ ടണില്‍ നിന്ന് 100മില്യണിലേക്കാണ് ഉയര്‍ത്തുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈമാസം 14 നടക്കും. കൂടുതല്‍ കയറ്റുമതി ലക്ഷ്യമിട്ട് നോര്‍ത്ത് ഫീല്‍ഡിന്റെ സതേണ്‍ സെക്റ്ററില്‍ പുതിയ പ്രകൃതിവാതക പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി അഞ്ച് ആറ് വര്‍ഷത്തിനകം ഈ പദ്ധതി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നതോടെ പ്രതിദിനം ആറ് മില്യണ്‍ ബാരല്‍ ഓയിലിന് സമാനമായ ഉത്പാദനം നടത്താന്‍ കഴിയും. പ്രകൃതി വാതക മേഖലയില്‍ ഖത്തറിന്റെ നിലവിലെ മുന്നേറ്റം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കുമെന്നും ദ്രവീകൃത പ്രകൃതി വാതകത്തില്‍ മുന്‍നിര രാജ്യമെന്ന സ്ഥാനം വര്‍ഷങ്ങളോളം നിലനര്‍ത്താന്‍ പുതിയ ഉധ്യമത്തിലൂടെ സാധ്യമാകുമെന്നും കഅബി വിശദീകരിച്ചു.