ദുബൈയില്‍ നിന്ന് കോടികള്‍ തട്ടിച്ച് മുങ്ങിയയാളെ തൃശ്ശിനാപ്പിള്ളിയില്‍ നിന്ന് പിടികൂടി
|തൃത്താല കുമരനെല്ലൂര്‍ സ്വദേശി സനൂപിനെയാണ് അറസ്റ്റ് ചെയ്തത്
ദുബൈയില്‍ നിന്ന് കോടികള്‍ തട്ടിച്ച് മുങ്ങിയയാളെ തൃശ്ശിനാപ്പിള്ളിയില്‍ നിന്ന് പിടികൂടി. തൃത്താല കുമരനെല്ലൂര്‍ സ്വദേശി സനൂപിനെയാണ് അറസ്റ്റ് ചെയ്തത്. അന്‍പത് കോടി രൂപ പലരില്‍ നിന്നായി വാങ്ങിയ ശേഷം സനൂപ് ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു
ദുബൈ ശൈഖ് സായിദ് റോഡിലെ ഒരു ഐടി കമ്പനി ജീവനക്കാരനായിരുന്നു സനൂപ്. കഴിഞ്ഞ മാസം ഇയാള്‍ക്കെതിരെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തി. കമ്പനി ഉടമയും കുടുംബാംഗങ്ങളും വരെ കബളിപ്പിക്കപ്പെട്ടവരിലുണ്ടായിരുന്നു. ഇതിനിടെ നാട്ടിലേക്ക് പോയ സനൂപിനെ ഫോണില്‍ കിട്ടാതായി. ഫേസ്ബുക്ക് അക്കൌണ്ടും ഡിആക്ടിവേറ്റ് ചെയ്തു. ഇയാള്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെ കബളിപ്പിക്കപ്പെട്ടവര്‍ പരാതി നല്‍കി. നാട്ടിലെത്തിയ സനൂപ് കുടുംബത്തോടൊപ്പം അവിടെ നിന്നും മുങ്ങിയതോടെ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളും പരാതി നല്‍കി. പട്ടാമ്പി സിഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെയും കുടുംബത്തെയും തൃശ്ശിനാപ്പിള്ളിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സനൂപിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സനൂപിനെ റിമാന്‍ഡ് ചെയ്തു.